മുംബൈ: റിലീസ് കഴിഞ്ഞ് മാസങ്ങള്‍ക്കുശേഷം അക്ഷയ് കുമാര്‍-ടൈഗര്‍ ഷ്റോഫ് ചിത്രം ‘ബഡേ മിയാന്‍ ഛോട്ടെ മിയാന്‍’ വിവാദത്തില്‍. സംവിധായകന്‍ അലി അബ്ബാസ് സഫര്‍ ഉള്‍പ്പെടെയുള്ള ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പിന് പൊലീസ് കേസെടുത്തു. നിര്‍മാതാവും പൂജ എന്റര്‍ടെയിന്‍മെന്റ്സ് തലവനുമായ വഷു ഭഗ്‌നാനിയുടെ പരാതിയിലാണ് കേസ്. സിനിമയ്ക്കായി അമിതമായി കണക്കുണ്ടാക്കിയെന്നും ഫണ്ട് വകമാറ്റി ചെലവഴിച്ചെന്നും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണു നിര്‍മാതാവ് ഉയര്‍ത്തിയത്.
ഡിസംബര്‍ എട്ടിനാണ് ഭഗ്‌നാനി ‘ബഡേ മിയാന്‍ ഛോട്ടെ മിയാന്‍’ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ബാന്ദ്ര പൊലീസില്‍ പരാതി നല്‍കിയത്. അബ്ബാസിനു പുറമെ സഹനിര്‍മാതാവ് ഹിമാന്‍ഷു മെഹ്റ, സാമ്പത്തിക വിഭാഗം തലവന്‍ എകേഷ് രണ്‍ദിവെ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. വ്യാജ ഇന്‍വോയ്സുകള്‍ നിര്‍മിച്ച് നിര്‍മാണച്ചെലവ് കൂട്ടിക്കാണിച്ചെന്നും വ്യാജരേഖ ചമച്ചെന്നും പരാതിയില്‍ പറയുന്നു. പണം വകമാറ്റി ചെലവഴിച്ചെന്നും കരാര്‍ ലംഘനം നടത്തിയെന്നും പരാതിയുണ്ട്. നടന്മാരുടെ പ്രതിഫലത്തിനു പുറമെ 125 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ് നിശ്ചയിച്ചിരുന്നത്. ഇത് പിന്നീട് 154 കോടിയായി ഉയര്‍ന്നെന്ന് പരാതിയില്‍ പറയുന്നു.
സംവിധായകന്‍ ഉള്‍പ്പെടെയുള്ള സംഘം ധൂര്‍ത്തടിച്ചും വകമാറ്റി ചെലവഴിച്ചുമാണ് തുക ഇത്രയും വര്‍ധിക്കാന്‍ കാരണമെന്ന് വഷു ഭഗ്‌നാനി ആരോപിക്കുന്നു. മുന്‍കൂട്ടി അംഗീകാരം വാങ്ങാതെ അത്യാഡംബര താമസവും അനാവശ്യമായ ചെലവുകളുമെല്ലാമായാണ് ഇത്രയും തുക വന്നത്. ഇതിനു പുറമെ അലി അബ്ബാസിന്റെ മറ്റൊരു ചിത്രമായ ‘ബ്ലഡി ഡാഡി’ക്കു വേണ്ടിയും ഫണ്ട് വകമാറ്റിയെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
പരാതിയില്‍ ബാന്ദ്ര പൊലീസാണ് ‘ബഡേ മിയാന്‍ ഛോട്ടെ മിയാന്‍’ സംഘത്തിനെതിരെ കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസലംഘനം, വഞ്ചന, വ്യാജരേഖ ചമക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണു ഇവര്‍ക്കെതിരെ ചുമത്തിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ഭഗ്‌നാനി ആരോപിച്ചിരുന്നു. തുടര്‍ന്ന് ബാന്ദ്ര കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിലാണ് ഇപ്പോള്‍ പൊലീസ് നടപടി.