കൊച്ചി: സ്വകാര്യ മെഡിക്കല്‍ കോളേജിന് അനുമതി നല്‍കാമെന്ന് പറഞ്ഞ് ബി ജെ പി നേതാവ് എം ടി രമേശ് ഒമ്പത് കോടി രൂപ തട്ടിയെന്ന ആരോപണവുമായി മുന്‍ നേതാവ് എ കെ നസീര്‍. ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറിയും ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഭാരവാഹിയുമായിരുന്നു നസീര്‍.
മെഡിക്കല്‍ കോഴ കേസില്‍ പുനഃരന്വേഷണം നടത്തിയാല്‍ തെളിവുകള്‍ കൈമാറാന്‍ തയ്യാറാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു. മെഡിക്കല്‍ കോഴ വിവാദത്തില്‍ അന്വേഷണ കമ്മിഷന്‍ അംഗമായിരുന്നു നസീര്‍. അതേസമയം, എല്‍ ഡി എഫ് സര്‍ക്കാരിന്റെ പൊലീസ് ഈ കേസ് അന്വേഷിച്ച് തള്ളിക്കളഞ്ഞതാണെന്നും അതില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെടുന്നത് ദുരുദ്ദേശപരമാണെന്നും എം ടി രമേശ് പ്രതികരിച്ചു.
വര്‍ക്കല എസ്. ആര്‍,? ചെര്‍പ്പുളശേരി മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ അംഗീകാരം നേടിത്തരാമെന്ന പേരില്‍ കോടികള്‍ കൈക്കൂലി വാങ്ങിയെന്നായിരുന്നു എം ടി രമേശിനെതിരെ ആരോപണം ഉയര്‍ന്നത്. കുമ്മനം രാജശേഖരന്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനായിരിക്കെ നസീറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടിലൂടെയാണ് ആരോപണം പുറത്തുവന്നത്. ഈ സംഭവത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെ എ കെ നസീറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ പാര്‍ട്ടി വിട്ടു.
30 വര്‍ഷത്തോളം ബി ജെ പി അംഗമായിരുന്നു എ കെ നസീര്‍. പാര്‍ട്ടി വിട്ട അദ്ദേഹം കഴിഞ്ഞ മാര്‍ച്ചില്‍ സി പി എമ്മില്‍ ചേര്‍ന്നിരുന്നു. മുസ്ലീങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളോട് ബി ജെ പി നല്ല രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും ഇതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നും എ കെ നസീര്‍ അന്ന് പറഞ്ഞിരുന്നു.