KeralaNEWS

കണ്ണില്‍ച്ചോരയില്ലാതെ കേന്ദ്രം! മുണ്ടക്കൈ ചൂരല്‍മല ദുരന്തം; ഡിഎന്‍എ പരിശോധനാ ചെലവിലും ഇളവില്ല

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള ഡിഎന്‍എ പരിശോധനയ്ക്കു പോലും നിരക്കില്‍ ഇളവു നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ പണം അടയ്ക്കാതിരുന്നതിനാല്‍, കേന്ദ്ര സര്‍ക്കാരിനു കീഴില്‍ തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി രണ്ടു മാസം പരിശോധന നടത്തിയില്ല. തുടര്‍ന്ന് 27.69 ലക്ഷം രൂപ രാജീവ് ഗാന്ധി സെന്ററിനു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ഡിഎന്‍എ പരിശോധന സൗജന്യമായി നടത്തുമെന്നാണു ദുരന്തസ്ഥലം സന്ദര്‍ശിച്ച കേന്ദ്രസംഘം അറിയിച്ചിരുന്നത്.

ദുരന്തത്തില്‍ മരിച്ചവരുടെ ശരീരഭാഗങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ഡിഎന്‍എ പരിശോധന കണ്ണൂര്‍ റീജനല്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണു നടത്തിയത്. മാംസഭാഗങ്ങളും എല്ലും ഉള്‍പ്പെടെ 431 പോസ്റ്റ്‌മോര്‍ട്ടം സാംപിളുകളാണു പരിശോധനയ്ക്കായി കണ്ണൂര്‍ ലാബിലെത്തിച്ചത്. കാണാതായവരുടെ 172 ബന്ധുക്കളുടെ രക്തസാംപിളുകളും പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഓഗസ്റ്റ് 3ന് ആരംഭിച്ച പരിശോധനയില്‍ 223 ഡിഎന്‍എ സാംപിളുകള്‍ തിരിച്ചറിഞ്ഞു. 133 രക്തസാംപിളുകളും പരിശോധിച്ചു.

Signature-ad

അവശേഷിച്ച 208 സാംപിളുകളും കണ്ടെത്താനുള്ളവരുടെ ബന്ധുക്കളുടെ 39 രക്തസാംപിളുകളുകളുമാണ് ഒക്ടോബര്‍ ഒന്നിനു രാജീവ് ഗാന്ധി സെന്ററിലേക്ക് അയച്ചത്. പോസ്റ്റ്മോര്‍ട്ടം സാംപിളുകളില്‍ 148 സാംപിളുകളുടെയും ഡിഎന്‍എ പ്രൊഫൈല്‍ കണ്ണൂര്‍ ലാബില്‍ തയാറാക്കിയിരുന്നു. രക്തസാംപിള്‍ ഇവയുമായി താരതമ്യം നടത്തുന്ന ജോലിയേ ശേഷിച്ചിരുന്നുള്ളൂ. 60 സാംപിളുകള്‍ പൂര്‍ണമായും പ്രൊഫൈല്‍ കണ്ടെത്തി പരിശോധിക്കാനുമുണ്ട്. എന്നാല്‍ ഇതിന്റെ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്നാണു രാജീവ് ഗാന്ധി സെന്ററില്‍ നിന്നുള്ള വിവരം.

ക്രൈം കേസുകളിലേതുള്‍പ്പെടെ ദിവസേന ഒട്ടേറെ സാംപിളുകള്‍ കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തെ ഫൊറന്‍സിക് ലാബുകളിലെ പരിശോധന വൈകുമെന്നതിനാലാണു രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിക്കു സാംപിളുകള്‍ കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: