KeralaNEWS

എസ്.ഐ. യൂണിഫോമില്‍ കറക്കം, ടിക്കറ്റെടുക്കാതെ ബസ് യാത്ര; പിടിയിലായപ്പോള്‍ സിനിമാഭിനയമെന്ന് പ്രതി

പാലക്കാട്: കുഴല്‍മന്ദം കുളവന്‍മുക്ക് ബസ്സ്‌റ്റോപ്പില്‍ യൂണിഫോമിട്ട് നില്‍ക്കുന്ന എസ്.ഐയെ കണ്ടപ്പോള്‍ പോലീസുകാര്‍ക്കൊരു സംശയം -ആരാണീ പരിചയമില്ലാത്ത ഓഫീസര്‍? ജീപ്പില്‍ക്കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുചെന്നപ്പോള്‍ അവിടെയുണ്ടായിരുന്ന പോലീസുകാര്‍ക്കും ആളെ പിടികിട്ടിയില്ല. ശരിക്കുള്ള പോലീസിന്റെ ചോദ്യംചെയ്യലില്‍ വ്യാജന്റെ വേഷം അഴിഞ്ഞുവീണു.

തൃശ്ശൂര്‍ ചാവക്കാട് മപ്രസായില്ലം ചേറ്റുവട്ടി ഇല്ലത്ത് ഹക്കീമാണ് (51) എസ്.ഐ. വേഷം കെട്ടി കുടുങ്ങിയത്. കുളവന്‍മുക്ക് ബസ്സ്‌റ്റോപ്പില്‍നിന്ന് ബുധനാഴ്ച വൈകീട്ടാണ് പോലീസ് ഇയാളെ പിടികൂടിയത്.

Signature-ad

സിനിമയില്‍ അഭിനയിക്കാന്‍ വേഷമിട്ടതാണെന്നാണ് ഹക്കീം ആദ്യം പറഞ്ഞത്. എന്നാല്‍, പരിസരത്തെങ്ങും ഷൂട്ടിങ് നടക്കുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാള്‍ സ്ഥിരമായി എസ്.ഐയുടെ യൂണിഫോംധരിച്ച് ടിക്കറ്റെടുക്കാതെ ബസ് യാത്ര നടത്തുകയും കടകളില്‍ക്കയറി സാധനങ്ങള്‍ വാങ്ങുകയും ചെയ്യാറുണ്ടെന്ന് പോലീസ് പറഞ്ഞു. സമാന കേസ് ഗുരുവായൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഹക്കീം പി.കെ. എന്നാണ് യൂണിഫോമില്‍ നെയിംബോര്‍ഡ് വെച്ചിരുന്നത്.

കുറച്ചുദിവസമായി ഒരു ‘എസ്.ഐ.’ കുഴല്‍മന്ദംഭാഗത്ത് വന്നുപോകുന്നതായും കടകളില്‍ കയറിയിറങ്ങുന്നതായും പോലീസിന് വിവരംലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ബ്രാഞ്ച് എസ്.ഐ.മാരായ മനോജ്കുമാര്‍, കെ. സത്യന്‍ എന്നിവര്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇയാളെ കണ്ടെത്തിയത്.

കുഴല്‍മന്ദം എസ്.ഐ: എ.എസ്. സോമന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. എസ്. രജനി, എസ്.സി.പി.ഒ. എം. സുനിത, ഡ്രൈവര്‍ എസ്. രതീഷ് എന്നിവരടങ്ങിയ സംഘമെത്തി കസ്റ്റഡിയിലെടുത്തു. പോലീസ് അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണമാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: