KeralaNEWS

കാര്‍ പറന്നുവരുന്ന പോലെയാണ് വന്നത്, ബസിന്റെ അകത്തേക്ക് ഇടിച്ചുകയറി; കളര്‍കോട് അപകടത്തെക്കുറിച്ച് കെഎസ്ആര്‍ടിസി കണ്ടക്ടര്‍

ആലപ്പുഴ: കളര്‍കോട് അപകടത്തിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മുക്തരായിട്ടില്ല. ഒരു മണിക്കൂറോളം എടുത്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും ജീവനക്കാര്‍ പറഞ്ഞു.

ആലപ്പുഴയില്‍ നിന്നും കയറിയ ആളുകളുടെ എടുത്ത് നിന്നും ടിക്കറ്റ് എടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഒരു കാര്‍ പാഞ്ഞുവരുന്നത് കണ്ടതെന്ന് കണ്ടക്ടര്‍ മനേഷ് പറഞ്ഞു. ”നേരെ സ്‌ട്രെയിറ്റ് വന്നല്ല ഇടിച്ചത്, വലതുവശത്തേക്ക് വന്ന് പറന്നുവരുന്ന പോലെയാണ് വന്നത്. എന്നിട്ട് ബസിന്റെ മുന്‍ഭാഗത്തെ ഇടതു വശത്തുള്ള രണ്ട് സീറ്റുകള്‍ ഇടിച്ച് ബസിന്റെ അകത്തേക്ക് കയറിപ്പോയി. ഒന്നും ചെയ്യാനാവാത്ത അവസ്ഥയായിരുന്നു. കാറിന്റെ അവസ്ഥ കണ്ടാലറിയാം, ചളുങ്ങി വല്ലാത്ത ഒരവസ്ഥയിലായിപ്പോയി. ദാരുണമായ സംഭവമായിപ്പോയി. ഇറങ്ങിച്ചെന്ന് നോക്കിയപ്പോള്‍ കുറച്ചു ചെറുപ്പക്കാരെ അബോധാവസ്ഥയില്‍ കണ്ടു. അപ്പോഴേക്കും നാട്ടുകാര്‍ ഓടിക്കൂടി. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി ഒരുമണിക്കൂറോളം കഷ്ടപ്പെട്ടിട്ടാണ് അവരെ കാറില്‍ നിന്നും പുറത്തെടുത്തത്” മനേഷ് പറഞ്ഞു.

Signature-ad

ബസിന്റെ മുന്‍ഭാഗത്ത് ഇരുന്നവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തലപൊട്ടിയവരും മൂക്കിന് പരിക്കേറ്റവരും പല്ല് പോയവരും ഇക്കൂട്ടത്തിലുണ്ടെന്നും ഡ്രൈവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ രാത്രി 9.45 ഓടെയാണ് അപകടം. വണ്ടാനത്ത് നിന്ന് സിനിമക്ക് പോകുകയായിരുന്ന വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.ഒരാള്‍ സംഭവസ്ഥലത്തും നാല് പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി മുഹമ്മദ് ഇബ്രാഹിം, പാലക്കാട് ശേഖരപുരം സ്വദേശി ശ്രീദേവ് വത്സന്‍, കണ്ണൂര്‍ മാടായി സ്വദേശി മുഹമ്മദ് ജബ്ബാര്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവാനന്ദന്‍ , ആലപ്പുഴ സ്വദേശി ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവര്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഗുരുവായൂരില്‍ നിന്ന് കായംകുളത്തേക്ക് പോവുകയിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലേക്കാണ് കാര്‍ വന്നിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കനത്ത മഴയില്‍ കാറിന്റെ യന്ത്രണം നഷ്ടപ്പെട്ടാണ് അപകടം .ഇടിയുടെ ആഘാതത്തില്‍ ബസിലുണ്ടായിരുന്ന യാത്രക്കാര്‍ മുന്നിലെ ചില്ല് തകര്‍ന്ന് പുറത്തേക്ക് തെറിച്ചുവീണു. ബസിലുണ്ടായിരുന്ന നാലുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: