IndiaNEWS

ട്രെയിനിലെ ‘ബ്ലാങ്കറ്റുകള്‍’ മാസത്തില്‍ ഒരിക്കല്‍ അലക്കും! വിശദീകരണവുമായി റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: ട്രെയിനില്‍ യാത്രക്കാര്‍ക്കു നല്‍കുന്ന പുതപ്പുകള്‍ മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് അലക്കുന്നതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജസ്ഥാനിലെ ഗംഗാനഗറില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിയായ കുല്‍ദീപ് ഇന്‍ഡോറയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം ലോക്സഭയിലായിരുന്നു കുല്‍ദീപ് റെയില്‍വേ ശുചിത്വത്തെ കുറിച്ചുള്ള ചോദ്യമുയര്‍ത്തിയത്. അടിസ്ഥാന ശുചിത്വ മാനദണ്ഡം പുലര്‍ത്തുന്ന കിടക്കകള്‍ക്കുകൂടി യാത്രക്കാര്‍ പണം നല്‍കുന്നുണ്ടെന്നും എന്നാല്‍, മാസത്തില്‍ ഒരിക്കല്‍ മാത്രമാണോ കമ്പിളി പുതപ്പുകള്‍ അലക്കുന്നതെന്നുമായിരുന്നു ചോദ്യം. ഇതിനോട് എഴുതിനല്‍കിയ മറുപടിയിലാണു മന്ത്രി പ്രതികരിച്ചത്.

Signature-ad

മറുപടിയില്‍ പറയുന്നത് ഇങ്ങനെയാണ്: ‘നിലവിലെ നിര്‍ദേശങ്ങള്‍ പ്രകാരം ഇന്ത്യന്‍ റെയില്‍വേയില്‍ ഉപയോഗിക്കുന്ന പുതപ്പുകള്‍ ഭാരം കുറഞ്ഞവയാണ്. അതുകൊണ്ട് അലക്കാനും എളുപ്പമാണ്. സുഖപ്രദമായ യാത്രാനുഭവം പകരുന്നതുമാണിത്.’

യാത്രക്കാരുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ചും മന്ത്രി വിവരിക്കുന്നുണ്ട്. മെച്ചപ്പെട്ട നിലവാരം ഉറപ്പാക്കാനായി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ്(ബിഐഎസ്) നിര്‍ദേശിക്കുന്നതനുസരിച്ചുള്ള ലിനന്‍ തുണികളാണ് ഉപയോഗിക്കുന്നത്. ശുചിത്വമുള്ള തുണികളുടെ ലഭ്യത ഉറപ്പാക്കാനായി വാഷിങ് മെഷീനുകളും സംവിധാനിച്ചിട്ടുണ്ട്. നിര്‍ദേശിക്കപ്പെട്ട രാസവസ്തുക്കളാണ് വസ്ത്രങ്ങള്‍ അലക്കാന്‍ ഉപയോഗിക്കുന്നത്. ഇത് അലക്കുന്നതുള്‍പ്പെടെ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.

അലക്കിയ തുണികളുടെ നിലവാരം ഉറപ്പാക്കാനായി വൈറ്റ് മീറ്ററുകളും ഉപയോഗിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തുണിത്തരങ്ങളുടെ കാലാവധി മുന്‍പ് നിര്‍ദേശിക്കപ്പെട്ട സമയത്തില്‍നിന്നും കുറച്ചിട്ടുണ്ട്. പകരം പുതിയവ എത്തിക്കുകയും ചെയ്യുന്നു. കിടക്കവിരിപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ‘റെയില്‍മദദ്’ പോര്‍ട്ടലില്‍ എത്തുന്ന യാത്രക്കാരുടെ പരാതികള്‍ പരിശോധിക്കാന്‍ ഓരോ മേഖലാ-ഡിവിഷന്‍ ആസ്ഥാനങ്ങളിലും വാര്‍ റൂമുകള്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: