കണ്ണൂര്‍: ജയിലില്‍ നല്ല പാഠങ്ങള്‍ പഠിച്ച് നല്ല പിള്ളയായി പുറത്തിറങ്ങിയ സിദ്ദിഖ് സ്വന്തം പണി മറന്നില്ല. കണ്ണൂര്‍ തളാപ്പിലെ സി.എസ്.ഐ പള്ളിയില്‍ നടത്തിയ മോഷണത്തില്‍ പിടിയിലായ സിദ്ദിഖ് വീണ്ടും കണ്ണൂര്‍ ജയിലിലായി. ജയിലില്‍ നിന്നു പഠിച്ച പാചകവിദ്യയും എഴുത്തുകാരനെന്ന മേല്‍വിലാസവും ഇയാള്‍ക്ക് വെളിച്ചം പകര്‍ന്നില്ല. 34 വര്‍ഷം നീണ്ട ജയില്‍വാസത്തിനു ശേഷം മാനസാന്തരപ്പെട്ട് എട്ടുമാസം മുന്‍പ് പുറത്തിറങ്ങിയ ഈ അറുപതുകാരന്‍ കഴിഞ്ഞ ദിവസമാണ് വീണ്ടും ജയിലിലായത്.
തലശ്ശേരി തിരുവങ്ങാട് ജൂബിലി റോഡില്‍ അരയാംകൊല്ലം വീട്ടില്‍ എ.കെ. സിദ്ദിഖ് ജയിലില്‍ വച്ച് എഴുതി പ്രസിദ്ധീകരിച്ച ‘ഒരു കള്ളന്റെ ആത്മകഥ’ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ‘ഇനി കള്ളനെന്ന് വിളിക്കരുത്’ എന്ന് അഭ്യര്‍ത്ഥിച്ച ഇയാള്‍ കുടുംബജീവിതം ആഗ്രഹിക്കുന്നുവെന്നും ജോലി ചെയ്തു ജീവിക്കുന്നതിനൊപ്പം പുസ്തകരചനയും തുടരുമെന്നായിരുന്നു ജയില്‍ ഉദ്യോഗസ്ഥര്‍ക്കും മാദ്ധ്യമങ്ങള്‍ക്കും നല്‍കിയ ഉറപ്പ്. ഒരു കള്ളന്‍ പറയുന്നതുകൊണ്ട് അവിശ്വസിക്കേണ്ടതില്ല എന്ന മുന്‍കൂര്‍ ജാമ്യത്തോടെയായിരുന്നു സിദ്ദിഖിന്റെ എഴുത്ത്. പുതിയ ജീവിത സാഹചര്യമൊരുക്കാന്‍ ജയില്‍ ജീവനക്കാര്‍ പിന്തുണയും നല്‍കിയിരുന്നു.
ഒടുവില്‍ ജയിലില്‍നിന്നിറങ്ങിയ സിദ്ദിഖ് സെന്‍ട്രല്‍ ജയിലിനു സമീപത്തു തന്നെയുള്ള റജിന സുരേഷിന്റെ വീട്ടിലെ 17,000 രൂപയോളം വിലവരുന്ന സൈക്കിള്‍ മോഷ്ടിച്ച് അതില്‍ കറങ്ങിയായിരുന്നു പതിവുപണി തുടര്‍ന്നത്. മുന്‍പും ഓരോ തവണ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാലും വൈകാതെ മോഷണക്കേസില്‍ അകത്താകുമായിരുന്നു.
അതേസമയം, തട്ടുകട തുടങ്ങുമെന്നാണ് സിദ്ദിഖ് ജയില്‍ ജീവനക്കാരോട് പറഞ്ഞിരുന്നത്. ബേക്കറി പലഹാരം മുതല്‍ ചൈനീസ് വിഭവങ്ങള്‍ വരെ നൂറിലേറെ വിഭവങ്ങളുണ്ടാക്കാന്‍ സിദ്ദിഖ് പഠിച്ചിരുന്നു. സെന്‍ട്രല്‍ ജയിലിലെ ലൈബ്രറികളില്‍ എത്തുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍നിന്ന് കുറിച്ചെടുത്ത പാചകവിദഗ്ദ്ധരുടെ 2000 ലധികം പാചകക്കുറിപ്പുകള്‍ സിദ്ദിഖ് ആറ് നോട്ടുബുക്കുകളിലായി എഴുതി സൂക്ഷിച്ചിരുന്നു. ഫ്രീഡം ഫുഡ് നിര്‍മ്മാണമായിരുന്നു ജയിലിലെ ജോലി. ട്രാക്ടര്‍, ടില്ലര്‍, ഗ്രാസ് കട്ടിങ് എന്നിവയിലും ജയിലില്‍ വച്ച് പരിശീലനം നേടിയിരുന്നു.