മുംബൈ: മോഷണം തടയാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവതി. മഹാരാഷ്ട്രയിലെ താനെ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. മഹാരാഷ്ട്രാ സെക്യൂരിറ്റി ഫോഴ്സിലെ ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്.
സംഭവം നടക്കുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥനായ അനികേത് കദം 9-10 പ്ലാറ്റ്ഫോമില്‍ പട്രോളിങ് നടത്തുകയായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് അദ്ദേഹം ഒരു സ്ത്രീയെ പിന്തുടര്ന്നു. പിന്നീട് ഒരു യാത്രക്കാരനില്‍ നിന്ന് മോഷ്ടിച്ചുവെന്നാരോപിച്ച് അവരെ തടഞ്ഞുവച്ചു. ഉടന്‍ തന്നെ സ്ത്രീയുടെ ഭര്‍ത്താവ് അടുത്തെത്തി ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ മോഷണത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ഇയാളെയും പിടികൂടി.
ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കവെയാണ് യുവതി കത്തിയെടുത്ത് ഉദ്യോഗസ്ഥന്റെ അരയില്‍ കുത്തിയത്. പരിക്കേറ്റിട്ടും യുവതിയെ രക്ഷപ്പെടാന്‍ ഉദ്യോഗസ്ഥന് അനുവദിച്ചില്ല. എന്നാല്‍ ഭര്‍ത്താവ് ഈ സമയം രക്ഷപ്പെട്ടു. പിന്നീട് അനികേതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. യുവതിയുടെ ഭര്‍ത്താവിനെ പിറ്റേ ദിവസം തന്നെ അറസ്റ്റ് ചെയ്തതായി താനെ റെയില്‍വേ പൊലീസ് അറിയിച്ചു. യുവതിക്കെതിരെ കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.