തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ എറണാകുളത്ത് നേതൃയോഗം ചേരാനിരിക്കെ നേതൃമാറ്റം സംബന്ധിച്ച് ബിജെപിയില്‍ ചര്‍ച്ചകള്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മാറുമെന്ന തരത്തിലാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗം ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ പാര്‍ട്ടിയെ നയിക്കുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. ആരോപണങ്ങള്‍ക്ക് യോഗത്തില്‍ കൃത്യമായ മറുപടി നല്‍കാനുള്ള തയാറെടുപ്പിലാണവര്‍.
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് കെ.സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചതായും കേന്ദ്രം അതു തള്ളിയതായും അഭ്യൂഹങ്ങള്‍ പ്രചരിച്ചു. രാജി വാര്‍ത്തകള്‍ സുരേന്ദ്രനോടൊപ്പമുള്ള നേതാക്കള്‍ തള്ളി. പാലക്കാട്ടെ പരാജയത്തെ സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തോട് ചോദിക്കണമെന്ന വി.മുരളീധരന്റെ പ്രസ്താവനയും സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയാണെന്ന പ്രചാരണത്തിന് ശക്തി പകര്‍ന്നു. വി.മുരളീധരനോട് ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവാണ് സുരേന്ദന്‍. നാളെ നേതൃയോഗം നടക്കാനിരിക്കെ ഇന്ന് 12 മണിക്ക് സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. സ്വന്തം നിലപാട് അദ്ദേഹം വിശദീകരിക്കും.
നാളെ നേതൃയോഗത്തില്‍ സംസ്ഥാന അധ്യക്ഷനെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ ഒരു വിഭാഗം തയാറെടുക്കുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയവും പ്രചാരണവും ഏകപക്ഷീയമായി നടത്തിയ സുരേന്ദ്രനാണ് പരാജയത്തിന് കാരണമെന്നാണ് ചില നേതാക്കള്‍ പറയുന്നത്. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നാളെ യോഗം ചര്‍ച്ച ചെയ്യും. പാലക്കാട് നഗരസഭയുടെ പ്രവര്‍ത്തന രീതി വോട്ടു ചോര്‍ച്ചയ്ക്ക് ഇടയാക്കിയെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. നേതാക്കള്‍ക്കിടയിലെ വിഭാഗീയതയും, സന്ദീപ് വാരിയര്‍ പാര്‍ട്ടി വിട്ടതില്‍ അണികള്‍ക്കിടയിലുണ്ടായ ആശയക്കുഴപ്പവും, ശോഭാ സുരേന്ദ്രന് സീറ്റ് നിഷേധിച്ചതുമെല്ലാം വോട്ടു ചോര്‍ച്ചയ്ക്കിടയാക്കിയെന്നാണ് നിഗമനങ്ങള്‍.