KeralaNEWS

‘പ്രിയങ്ക’രിയുടെ റെക്കോഡ് ഭൂരിപക്ഷം; തുണച്ചത് മലപ്പുറത്തിന്റെ മൊഹബ്ബത്ത്

മലപ്പുറം: രാഹുല്‍ഗാന്ധിയുടെ പിന്‍ഗാമിയായി കന്നിയങ്കത്തിനിറങ്ങിയ സഹോദരി പ്രിയങ്കാഗാന്ധിയെ വയനാടിന്റെ പ്രിയങ്കരിയാക്കാന്‍ മുന്‍പില്‍നിന്നത് മലപ്പുറത്തെ മണ്ഡലങ്ങള്‍. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍നിന്ന് പ്രിയങ്ക നേടിയത് 4,10,931 വോട്ടിന്റെ ഭൂരിപക്ഷമാണ്. ഇതില്‍ പാതിയും സമ്മാനിച്ചതാകട്ടെ മലപ്പുറത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങള്‍. 2019-ലും 2024-ലും രാഹുല്‍ഗാന്ധിക്ക് കൊടുത്തതിലേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെയാണ് മലപ്പുറം പ്രിയങ്കയെ ലോക്സഭയിലേക്കയക്കുന്നത്.

വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് മണ്ഡലങ്ങളിലായി 2,02,612 വോട്ടാണ് പ്രിയങ്കാഗാന്ധിക്ക് കിട്ടിയ ഭൂരിപക്ഷം. വണ്ടൂര്‍- 73,276, നിലമ്പൂര്‍ – 65,132, ഏറനാട് -64,204 എന്നിങ്ങനെയാണ് ഭൂരിപക്ഷക്കണക്ക്. ഏഴു മണ്ഡലങ്ങളില്‍ വണ്ടൂര്‍ തന്നെയാണ് ഭൂരിപക്ഷത്തില്‍ മുന്‍പില്‍. 2019, 2024 പൊതുതിരഞ്ഞെടുപ്പുകളില്‍ രാഹുല്‍ഗാന്ധിക്കും ഏറ്റവുമധികം ഭൂരിപക്ഷം (യഥാക്രമം 69,555, 68,684) നല്‍കിയത് വണ്ടൂരാണ്. പോളിങ് ശതമാനം കുറഞ്ഞിട്ടും എ.പി. അനില്‍കുമാറിന്റെ വണ്ടൂര്‍ മണ്ഡലത്തില്‍ ഭൂരിപക്ഷത്തില്‍ ഇത്തവണ 4592 വോട്ടുകള്‍ കൂടി. ഭൂരിപക്ഷത്തില്‍ രണ്ടും മൂന്നും സ്ഥാനം നിലമ്പൂരും ഏറനാടും നിലനിര്‍ത്തി.

Signature-ad

രാഹുല്‍ഗാന്ധി ആദ്യമായി വയനാട്ടില്‍ മത്സരിച്ച 2019-ല്‍ 1,87,742 വോട്ടായിരുന്നു ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെ ഭൂരിപക്ഷം. വോട്ടര്‍മാര്‍ ഏറ്റവും കുറവുള്ള ഏറനാട് മണ്ഡലത്തിലായിരുന്നു സ്വാഭാവികമായും ഭൂരിപക്ഷം കുറവ്. 56,527 വോട്ടായിരുന്നു അന്ന് രാഹുലിന്റെ ലീഡ്. 2024 പൊതുതിരഞ്ഞെടുപ്പില്‍ രാഹുലിന്റെ മൊത്തം ഭൂരിപക്ഷം 1,82,790 വോട്ടായി കുറഞ്ഞപ്പോഴും ഏറനാട് പിന്നോട്ടുപോയില്ല. അവിടെ ഭൂരിപക്ഷം 57,743 വോട്ടായി ഉയര്‍ത്തി. ഇത്തവണയാകട്ടെ പി.കെ. ബഷീറിന്റെ മണ്ഡലത്തിലെ ഭൂരിപക്ഷം ഗണ്യമായി കൂടി; 57,743 -ല്‍ നിന്ന് 64,204-ലേക്കെത്തി.

ഇടതുപക്ഷം വിട്ട് വയനാട്ടില്‍ പ്രിയങ്കാഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച പി.വി. അന്‍വറിന്റെ നീക്കവും യു.ഡി.എഫിന് ഗുണമായെന്നുവേണം കരുതാന്‍. 2024 -ലെ പൊതുതിരഞ്ഞെടുപ്പിലേതിനേക്കാള്‍ ഇവിടെ 8769 വോട്ട് യു.ഡി.എഫിന് ഭൂരിപക്ഷംകൂടി. അന്ന് നിലമ്പൂരില്‍ 56,363 വോട്ടാണ് രാഹുലിന്റെ ഭൂരിപക്ഷം. ഇത്തവണ പ്രിയങ്കയ്ക്ക് കിട്ടിയത് 65,132 വോട്ടിന്റെ ഭൂരിപക്ഷവും.

Back to top button
error: