പ്രിയപ്പെട്ട മേഘൻചേട്ടാ,
ഒന്നുമെഴുതാതിരിക്കാൻ കാലത്തു മുതൽ പരമാവധി ശ്രമിച്ചു.
കാരണം നിങ്ങൾ മരിച്ചു എന്നെഴുതാൻ
മനസ്സനുവദിക്കുന്നില്ല.
ഓർമ്മകൾക്ക് അത്ര തിളക്കമാണ്.
ഏഷ്യാനെറ്റിനു വേണ്ടി ഞാനെഴുതി
ഡോ. എസ് ജനാർദ്ദനൻ സംവിധാനം ചെയ്ത ‘വിഗ്രഹം’ പരമ്പരയിലാണ് നമ്മൾ ആദ്യം ഒന്നിച്ചത്.
അന്ന് ഇടുക്കിയിലായിരുന്നു നമ്മൾ.
വണ്ടൻമേട്ടിലും കുട്ടിക്കാനത്തും
പീരുമേട്ടിലും കട്ടപ്പനയിലും.
എത്ര പുലരികൾ, എത്ര സന്ധ്യകൾ…
നിങ്ങൾ ഒരു ഉഗ്രൻ മനുഷ്യനായിരുന്നു.
ഒരു പഞ്ചപാവം…!
എത്ര പെട്ടെന്നാണ് നമ്മൾ അടുത്തത്.
നിങ്ങൾടെ വില്ലൻ വേഷം കണ്ടു അമ്പരന്നിട്ടുളള ഞാൻ നിങ്ങളിലെ മനുഷ്യനെ കണ്ട് അതിലും അമ്പരന്നു.
എന്റെ നാളിതു വരെയുളള ജീവിതത്തിൽ അമ്മയാണെ സത്യം നിങ്ങളെപ്പോലെ ഒരു
സാധുവിനെ ഞാൻ കണ്ടിട്ടില്ല.
എന്റെ കഴിഞ്ഞ സീരിയൽ ‘കനൽപ്പൂവി’ൽ
വില്ലനായ നായകൻ മാണിക്യമംഗലത്ത് വിശ്വനാഥനെ തേടിയപ്പോൾ ഭാര്യ ആദ്യം പറഞ്ഞത് ‘നമുക്കു നമ്മുടെ മേഘൻചേട്ടനെ വിളിക്കാ’മെന്നായിരുന്നു.
നിർമ്മാതാവും സംവിധായകനുമായ ബൈജുച്ചേട്ടനും(ബൈജു ദേവരാജ്)
എതിരഭിപ്രായമുണ്ടായിരുന്നില്ല.
ചാഞ്ഞും ചരിഞ്ഞും അന്നു നിങ്ങൾ അയച്ചുതന്ന പുതിയ ഫോട്ടോസ് ഇപ്പൊഴും എന്റെ വാട്സ് ആപ്പ് ഫ്രേമിൽ കിടന്നു വിങ്ങുന്നു.
അമ്പിളി ദേവിയുടെ ജോഡിയാവാൻ പ്രായം അധികരിച്ചു എന്ന ഒറ്റ കാരണത്താൽ വേദനയോടെ നിങ്ങളെ ഒഴിവാക്കേണ്ടി വന്നപ്പോൾ പരിഭവമേതും പറയാതെ ‘അത് സാരമില്ല സഹോദരാ, വേഷം ഇനിയും വരുമെല്ലോ..’ എന്നു വിളിച്ചു പറഞ്ഞ ആ നിർമമത്വം!
അത് നിങ്ങൾക്കേ കഴിയൂ.
ലോകം മുഴുവൻ പരിഭവിക്കും പോലെ മലയാള സിനിമ നിങ്ങളെ ഉപയോഗിച്ചിട്ടില്ല എന്നൊന്നും ഞാൻ പറയില്ല. എന്തിനാ അധികം ഉപയോഗം ? ഉള്ളതു പോരേ മേഘനാഥൻ ആരെന്ന് അറിയാൻ ?
നിങ്ങളൊരു സംഭവമായിരുന്നു മനുഷ്യാ.
അടുത്തവർക്ക് അപാര മനുഷ്യൻ!
അടുക്കാത്തവർക്ക് ഒടുക്കത്തെ നടൻ !
മരിച്ചിട്ടൊന്നുമില്ല കേട്ടോ.
മലയാള സിനിമ ഉള്ളിടത്തോളം ആ കീറിമുറിഞ്ഞടഞ്ഞ ശബ്ദവും തീപറക്കുന്ന കണ്ണുകളും ഇവിടെത്തന്നെയുണ്ടാവും.
ഡോ. പ്രവീൺ ഇവങ്കര