ചെന്നൈ: തഞ്ചാവൂരില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തഞ്ചാവൂരിലെ മല്ലിപ്പട്ടണം സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായ രമണി (26) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് രമണി ജോലി ചെയ്തിരുന്ന മല്ലിപട്ടണം ഹൈസ്‌കൂളില്‍ വച്ച് അക്രമി അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയായ ചിന്നമന സ്വദേശി മദന്‍ (30) അറസ്റ്റിലായിട്ടുണ്ട്.
മദന്‍ നേരത്തെ രമണിയെ വിവാഹം കഴിക്കാനായി ആഗ്രഹിച്ചിരുന്നു. മദനും കുടുംബവും രമണിയുടെ വീട്ടുകാരെ കണ്ടാണ് വിവാഹാഭ്യര്‍ഥന നടത്തിയത്. എന്നാല്‍ രമണി വിവാഹാഭ്യര്‍ഥന നിരസിച്ചു. ഇതില്‍ പ്രകോപിതനായാണ് മദന്‍ രമണിയെ കൊലപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ സ്‌കൂളില്‍ എത്തിയ മദന്‍ വെട്ടുകത്തി ഉപയോഗിച്ച് രമണിയുടെ കഴുത്തില്‍ വെട്ടുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ രമണിയെ പട്ടുകോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
സംഭവത്തില്‍ സേതുഭവഛത്രം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മദനെ സംഭവസ്ഥലത്തുനിന്നു തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തെ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അന്‍പില്‍ മഹേഷ് ശക്തമായി അപലപിച്ചു. ഇത്തരം അതിക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അക്രമിക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.