NEWSWorld

ജോലിയുടെ ഇടവേളകള്‍ ‘ആനന്ദപ്രദമാക്കാന്‍’ പുട്ടിന്റെ ആഹ്വാനം; രാത്രി കറന്റും ഇന്റര്‍നെറ്റും വിച്‌ഛേദിച്ചും ജനനനിരക്ക് ഉയര്‍ത്താന്‍ റഷ്യ

മോസ്‌കോ: ജനനനിരക്ക് കുത്തനെ ഇടിയുന്നതു നേരിടാന്‍ ‘മിനിസ്ട്രി ഓഫ് സെക്സ്’ എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള ആലോചനയിലാണ് റഷ്യ. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ അനുയായിയും റഷ്യന്‍ പാര്‍ലമെന്റിന്റെ ഫാമിലി പ്രൊട്ടക്ഷന്‍ സമിതി അധ്യക്ഷയുമായ നിന ഒസ്റ്റാനിയ ഇതു സംബന്ധിച്ച ഒരു നിവേദനം പരിഗണിക്കുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജോലിക്കിടയിലെ ഒഴിവുവേളകളില്‍ ‘പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന’ ആഹ്വാനം പുട്ടിന്‍ നേരത്തേ നടത്തിയിരുന്നു. മൂന്നാം വര്‍ഷത്തിലേക്ക് അടുക്കുന്ന യുക്രെയ്ന്‍ യുദ്ധത്തില്‍ മരണസംഖ്യ കുതിച്ചുയരുകയാണ്. രാജ്യത്തെ ജനനനിരക്കിലും കാര്യമായ കുറവാണ് ഉണ്ടാകുന്നതും. അതുകൊണ്ടുതന്നെ ജനനനിരക്ക് ഉയര്‍ത്താനുതകുന്ന നടപടികള്‍ എടുക്കണമെന്ന് പുട്ടിന്‍ ആവശ്യപ്പെട്ടിരുന്നു.

രാത്രി 10 മുതല്‍ പുലര്‍ച്ചെ രണ്ടുവരെ ലൈറ്റുകള്‍ അണച്ചും ഇന്റര്‍നെറ്റ് വിച്ഛേദിച്ചും, പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദേശങ്ങളിലൊന്ന്. വീട്ടമ്മമാര്‍ക്കു ശമ്പളം നല്‍കുക, അതവരുടെ പെന്‍ഷനിലേക്കും വകയിരുത്തുക എന്നതും പരിഗണിക്കപ്പെടുന്നു. പങ്കാളികളുടെ ആദ്യ ഡേറ്റിന് (ആദ്യമായി ഒരുമിച്ചു പുറത്തുപോകുന്നത്) സാമ്പത്തിക സഹായമായി 5000 റൂബിള്‍ (4,395 ഇന്ത്യന്‍ രൂപ) ധനസഹായം നല്‍കുക, വിവാഹദിനം രാത്രി ഹോട്ടലില്‍ ചെലവഴിക്കുന്നതിന് സര്‍ക്കാര്‍ സഹായമായി 26,300 റൂബിള്‍ (23,122 ഇന്ത്യന്‍ രൂപ) നല്‍കുക തുടങ്ങിയവയും പരിഗണിക്കുന്നുണ്ട്.

Signature-ad

പ്രാദേശിക തലത്തില്‍ ഓരോ പ്രവിശ്യയും സ്വന്തമായി പ്രത്യേക പാക്കേജോ സാമ്പത്തിക സഹായങ്ങളോ നല്‍കാനും പദ്ധതികളുണ്ട്. ഖബാറോവ്സ്‌കില്‍ 18നും 23നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥിനികള്‍ക്കു കുട്ടികള്‍ ഉണ്ടായാല്‍ 900 യൂറോ (97,282 ഇന്ത്യന്‍ രൂപ) ലഭിക്കും. ചെല്യാബിന്‍സ്‌കില്‍ ആദ്യ കുട്ടിയുണ്ടാകുമ്പോള്‍ ലഭിക്കുക 8,500 യൂറോയാണ് (9,18,782 ഇന്ത്യന്‍ രൂപ). ചായ, ഉച്ചഭക്ഷണ ഇടവേളകളില്‍ പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യാമെന്ന് പ്രാദേശിക ആരോഗ്യമന്ത്രി യെവ്ഗനി ഷെസ്‌തോപാലോവ് പറഞ്ഞു.

ജനനനിരക്ക് വര്‍ധിപ്പിക്കുന്നതിനായി സ്ത്രീകളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഇപ്പോള്‍ത്തന്നെ അന്വേഷണം തുടങ്ങിയതായാണു വിവരം. ആരോഗ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ചോദ്യാവലി പൊതുമേഖലയിലെ വനിതാജീവനക്കാര്‍ക്കു നല്‍കിയിരുന്നു. ഇതിനു മറുപടി നല്‍കാതിരുന്നവര്‍ക്ക് ഡോക്ടര്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കേണ്ടിവന്നിരുന്നു. അവിടെ ചോദ്യാവലിയിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടിയിരുന്നു. സര്‍ക്കാര്‍ സൗജന്യമായി ഏര്‍പ്പെടുത്തിയ പ്രത്യുല്‍പാദനശേഷീ പരിശോധനാ സൗകര്യം ഇതുവരെ 20,000ല്‍ പരം സ്ത്രീകള്‍ ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: