ശിവശങ്കറും സ്വപ്നയും ചേർന്ന് ബഹിരാകാശ രഹസ്യങ്ങൾ ചോർത്തിയെന്ന ജനയുഗം ആരോപണം:ആത്മാർഥത ഉണ്ടെങ്കിൽ സി പി ഐ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണം: ബെന്നി ബഹനാൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കരനും സ്വർണ്ണ കടത്ത് കേസിലെ പ്രതിയായ സ്വപ്നയും ചേർന്ന് ബഹിരാകാശ രേഖകൾ ചോർത്തിയെന്ന സി പി ഐ മുഖപത്രത്തിൽ വാർത്ത അതീവ ഗൗരവമെന്ന് യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി. ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സി പി ഐ യുടെ മുഖപത്രത്തിലൂടെ രാജ്യസുരക്ഷയെ സംബന്ധിക്കുന്ന ആരോപണം പുറത്തുവന്ന സാഹചര്യത്തിൽ സർക്കാരിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ല. റോ ഉൾപ്പെടെയുള്ള രഹസ്യാന്വേഷണ ഏജൻസികൾ ഇക്കാര്യങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്‌തെന്ന സി പി ഐ മുഖപത്രത്തിലെ വാർത്തയുടെ പശ്ചാത്തലത്തിൽ പിണറായി സർക്കാർ ഉടൻ രാജിവച്ചൊഴിയണമെന്ന് യു ഡി എഫ് കൺവീനർ ആവശ്യപ്പെട്ടു.
ജനയുഗം വാർത്ത മുഖവിലക്കെടുക്കുന്നുവെങ്കിൽ ഇന്ന് യു ഡി എഫ് കൊണ്ട് വരുന്ന അവിശ്വാസ പ്രമേയത്തിനൊപ്പം നിൽക്കാൻ സി പി ഐ തയാറാകണം. രാഷ്ട്രീയ മൂല്യങ്ങൾ അൽപമെങ്കിലും മുറുകെ പിടിക്കുന്നുണ്ടെങ്കിൽ അവിശ്വാസ പ്രമേയത്തിൻ മേലുള്ള വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കാനെങ്കിലും സി പി ഐ തയാറാകണമെന്ന് ബെന്നി ബഹനാൻ ആവശ്യപ്പെട്ടു. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ചോർത്തിയെന്ന് പാർട്ടി മുഖപത്രം തന്നെ ആരോപിച്ച സ്‌ഥിതിക്ക് മന്ത്രിസഭയിൽ നിന്ന് പിന്മാറാൻ സി പി ഐ തയാറാകണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.