NEWS

കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്ത് നിന്ന് സോണിയ ഗാന്ധി ഒഴിയുന്നു ,പാർട്ടിയെ അറിയിച്ചു

കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയാൻ അനുവദിക്കണമെന്ന് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പാർട്ടിയെ അറിയിച്ചു .നേതാക്കളുടെ കത്തിന് മറുപടി ആയാണ് സോണിയ ഇക്കാര്യം അറിയിച്ചത് .ഇടക്കാല അധ്യക്ഷ പദവിയിൽ ഒരു വര്ഷം പൂർത്തിയായ സാഹചര്യത്തിൽ മുഴുവൻ സമയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് അവസരമൊരുക്കുന്നതിന് താൻ ആഗ്രഹിക്കുന്നുവെന്ന് സോണിയ കത്തിൽ അറിയിച്ചു .പ്രവർത്തക സമിതി യോഗം തിങ്കളാഴ്ച ചേരാൻ ഇരിക്കെയാണ് സോണിയയുടെ നിർണായക നിലപാട് .രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദുമായി സോണിയ ഇക്കാര്യം ചർച്ച ചെയ്തു .

Signature-ad

ദേശീയ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കോൺഗ്രസ്‌ കടപ്പുഴകി വീണിട്ട് ആറ് കൊല്ലം പിന്നിടുന്നു. കോൺഗ്രസിന്റെ താഴേക്കുള്ള പോക്കിനെ പിടിച്ചു നിർത്തണം എന്ന ആവശ്യം നേതാക്കൾക്കിടയിൽ വലിയ ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് മുഴുവൻ സമയ അധ്യക്ഷനെ നിയമിക്കാൻ സോണിയ സ്ഥാനം ഒഴിയുന്നത് . പാർട്ടിയെ ഉയർത്തെഴുന്നേൽപ്പിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണം എന്ന ആവശ്യം ഉന്നയിച്ച് 23 കോൺഗ്രസ്‌ നേതാക്കൾ താൽക്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു . കത്തെഴുതിയവരിൽ പ്രവർത്തക സമിതി അംഗങ്ങളും മുൻ മുഖ്യമന്ത്രിമാരും മുൻ കേന്ദ്ര മന്ത്രിമാരും സിറ്റിംഗ് എംപിമാരും ഉൾപ്പെടുന്നു. പാർട്ടിയിൽ അടിമുടി മാറ്റം വരുത്തണം എന്നാണ് ഇവരുടെ ആവശ്യം.

ബിജെപിയുടെ വളർച്ചയും നരേന്ദ്രമോഡിക്ക്‌ യുവാക്കൾ നൽകുന്ന പിന്തുണയും കോൺഗ്രസ്‌ പാർട്ടിയുടെ അടിത്തറ ഇളകുന്നതും യുവാക്കൾ കോൺഗ്രസിൽ നിന്ന് അകന്നു പോകുന്നതും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

കത്ത് രണ്ടാഴ്ച മുമ്പാണ് എഴുതിയത് എന്നാണ് സൂചന. ഫലപ്രദമായ മുഴുവൻ സമയ നേതൃത്വം കോൺഗ്രസിന് വേണമെന്ന് ഇവർ ആവശ്യപ്പെടുന്നു. കോൺഗ്രസ്‌ പ്രവർത്തക സമിതി പുനസംഘടിപ്പിക്കണം. നേതൃത്വത്തിൽ ഫലപ്രദമായ മാറ്റം, പാർട്ടിയെ ഉയർത്തെഴുന്നേൽപ്പിക്കാൻ വ്യക്തമായ പദ്ധതി എന്നിവയൊക്കെ കത്തിലെ ആവശ്യങ്ങൾ ആണ്.

കത്തിൽ ഒപ്പ് വച്ചിരിക്കുന്നവരിൽ പാർട്ടിയിലെ പ്രമുഖർ ഉൾപ്പെടുന്നു. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുൻ കേന്ദ്ര മന്ത്രിമാരും എംപിമാരുമായ ആനന്ദ് ശർമ, കപിൽ സിബൽ, മനീഷ് തിവാരി, ശശി തരുർ, എം പി വിവേക് ടാങ്ക, പ്രവർത്തക സമിതി അംഗങ്ങൾ ആയ മുകുൾ വാസ്നിക്, ജിതിൻ പ്രസാദ, മുൻ മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരുമായ ഭൂപീന്തർ സിംഗ് ഹൂഡ, രാജേന്ദർ കൗർ ഭട്ടൽ, എം വീരപ്പ മൊയ്‌ലി, പൃഥ്‌വി രാജ് ചവാൻ, പി ജെ കുര്യൻ, അജയ് സിംഗ്, രേണുക ചൗധരി എന്നിവരെ കൂടാതെ മിലിന്ദ് ദിയോറ, മുൻ സംസ്ഥാന അധ്യക്ഷന്മാർ ആയ രാജ് ബബ്ബാർ, അരവിന്ദ് സിംഗ് ലൗലി, കൗൾ സിംഗ് താക്കൂർ തുടങ്ങിയവർ കത്തിൽ ഒപ്പ് വച്ചിരിക്കുന്നു.

രാജ്യം സ്വാതന്ത്ര്യലബ്ധിക്ക് ശേഷം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി ആണ് നേരിടുന്നത് എന്ന് കത്ത് ചൂണ്ടിക്കാട്ടുന്നു. ഈ സമയത്ത് ജനാധിപത്യം പുനസ്ഥാപിക്കാൻ കോൺഗ്രസ്‌ ശക്തമാകേണ്ടതുണ്ട്. സംഘപരിവാറിന്റെ വർഗീയ അജണ്ടയെ എതിർത്ത് തോൽപ്പിക്കേണ്ടതുണ്ട്. രാജ്യം മഹാമാരിയെ പ്രതിരോധിക്കുമ്പോൾ കേന്ദ്ര സർക്കാർ നോക്കുകുത്തി ആകുന്നു-കത്ത് ചൂണ്ടിക്കാട്ടുന്നു.

പാർട്ടിയിൽ അധികാര വികേന്ദ്രീകരണം, സംസ്ഥാന യൂണിറ്റുകളെ ശക്തിപ്പെടുത്തൽ, അടിത്തറ മുതൽ പാർട്ടിയെ കെട്ടിപ്പടുക്കൽ, ഒരു കേന്ദ്ര പാർലമെന്ററി ബോർഡ് രൂപവൽക്കരണം എന്നിവയും കത്ത് ആവശ്യപ്പെടുന്നു.

കേന്ദ്ര നേതൃത്വത്തിലെ അനിശ്ചിതാവസ്ഥ പാർട്ടിയെ അടിമുടി ബാധിച്ചു പ്രവർത്തക സമിതി പാർട്ടിക്കും അണികൾക്കും വേണ്ട മാർഗ നിർദേശങ്ങൾ നൽകുന്നില്ല. പാർലമെന്ററി പാർട്ടി യോഗങ്ങൾ സോണിയ ഗാന്ധിയുടെ പ്രസംഗത്തിൽ മാത്രം ഒതുങ്ങുന്നു. നല്ല ചർച്ചകൾ പാർട്ടിക്കുള്ളിൽ നടക്കുന്നില്ല. സത്യസന്ധമായ തിരിഞ്ഞു നോട്ടം പോലും പാർട്ടിയിൽ നടക്കുന്നില്ല-കത്ത് ചൂണ്ടിക്കാട്ടുന്നു.

ശക്തനായ ഒരു അധ്യക്ഷനെ കേന്ദ്രത്തിലും അധ്യക്ഷന്മാരെ സംസ്ഥാനങ്ങളിലും നിയമിക്കണമെന്ന് കത്ത് ആവശ്യപ്പെടുന്നു. കത്തിൽ രാഹുൽ ഗാന്ധിയെ അധ്യക്ഷൻ ആക്കുന്നതിനെ കുറിച്ച് പരാമർശം ഇല്ല.എന്നാൽ നെഹ്‌റു -ഗാന്ധി കുടുംബം പാർട്ടിയുടെ അവിഭാജ്യ ഘടകം ആണെന്ന് വ്യക്തമാക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ്‌, എൻ എസ് യു ഐ തെരഞ്ഞെടുപ്പുകളിലെ പ്രശ്നങ്ങളും കത്ത് ചൂണ്ടിക്കാട്ടുന്നു . പാർട്ടിയുടെ സർവതല പൊളിച്ചടുക്കലും പുനസൃഷ്ടിയുമാണ് കത്തിലെ ആവശ്യം.

Back to top button
error: