CrimeNEWS

ആത്മഹത്യയെന്ന് ബന്ധുക്കൾ: തലയോട്ടി അടിച്ചു തകർത്ത് ക്രൂരമായി കൊലപ്പെടുത്തി എന്ന്  തെളിവുകളോടെ പൊലീസ്

    തൂങ്ങിമരിച്ചു എന്നു പറഞ്ഞ് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ച  യുവാവിൻ്റെ മരണം ക്രൂരമായ കൊലപാതകമെന്ന് ഒടുവിൽ തെളിഞ്ഞു. പീരുമേട് പള്ളിക്കുന്ന് വുഡ് ലാൻസ് എസ്റ്റേറ്റിലെ കൊല്ലമറ്റത്തു ബാബുവിന്റെ മകൻ ബിബിനാണ്  (29) ബന്ധുക്കളുടെ മുന്നിൽവച്ച് മർദ്ദനമേറ്റു കൊല്ലപ്പെട്ടത്. സഹോദരിയുടെ മകളുടെ പിറന്നാൾ ആഘോഷത്തിനിടെ ഇയാൾ ക്രൂരമർദനമേറ്റു കൊല്ലപ്പെടുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്ത 5 പേർ മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ മൊഴി നൽകിയതിനാൽ അവസാന പ്രതിപ്പട്ടികയ്ക്കു രൂപം നൽകാൻ  പൊലീസിനു കഴിഞ്ഞിട്ടില്ല.

ബിബിന്റെ സഹോദരി വിനീതയുടെ മകളുടെ പിറന്നാൾ ആഘോഷിക്കാൻ കുടുംബാംഗങ്ങൾക്കു പുറമേ വിനീതയുടെ പുരുഷ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരും  വീട്ടിൽ എത്തിയിരുന്നു. ഇവിടെവച്ചു വാക്കുതർക്കത്തെ തുടർന്നു ബിബിനെ മർദ്ദിക്കുകയായിരുന്നു. നാഭിക്കു ചവിട്ടേറ്റു വീണ ബിബിനു തലയ്ക്കും അടിയേറ്റു. ഈ സമയം പിതാവും അമ്മാവനും ഉൾപ്പെടെയുള്ളവർ സ്ഥലത്തുണ്ടായിരുന്നു.

Signature-ad

 കുഴഞ്ഞുവീണ ബിബിനെ പീരുമേട് താലൂക്കാശുപത്രിയിൽ എത്തിച്ചു. ഡോക്ടർ പറഞ്ഞപ്പോഴാണത്രേ ബിബിൻ മരിച്ചെന്ന് അറിയുന്നത്.

വീട്ടിലെ ശുചിമുറിയിൽ കെട്ടിത്തൂങ്ങി നിൽക്കുന്നതായി കണ്ടു എന്നായിരുന്നു ബന്ധുക്കൾ  നൽകിയ മൊഴി. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ, തലയോട്ടി തകർന്നെന്നു വ്യക്തമായി. തൂങ്ങിമരിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്താൻ കഴിഞ്ഞതുമില്ല.
ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലാണ് പ്രതികളെ ചോദ്യം ചെയ്തത്.

Back to top button
error: