വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡോണള്‍ഡ് ട്രംപിന്റെയും കമലാ ഹാരിസിന്റെയും മാത്രമല്ല മധ്യപൂര്‍വദേശത്ത് ഇറാന്റെയും നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചിട്ടുണ്ട്. ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റ് സ്ഥാനത്തെത്തുമോയെന്ന ഭീതിയിലാണ് ഇറാന്‍. ഇറാന്റെ മാത്രമല്ല അവരുടെ സഖ്യകക്ഷികളായ ലബനന്‍, ഇറാഖ്, യെമന്‍ എന്നിവരും ആശങ്കയിലാണ്. തിരഞ്ഞെടുപ്പില്‍ കമലയും ട്രംപും ഒപ്പത്തിനൊപ്പമാണെന്നാണ് അഭിപ്രായ സര്‍വേകളുടെ പ്രവചനമെങ്കില്‍ ആദ്യഫല സൂചനകളില്‍ ട്രംപാണു മുന്നില്‍.
ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് ട്രംപ് പിന്തുണ നല്‍കുമോയെന്നതാണ് ഇറാന്റെ പ്രധാന ആശങ്ക. അതിനൊപ്പം വന്‍തോതില്‍ ഉപരോധങ്ങളേര്‍പ്പെടുത്തി സമ്പദ്വ്യവസ്ഥയെ ഞെരിച്ചുടയ്ക്കാനും ഉന്നത നേതാക്കളെ വധിക്കാനുമുള്ള പഴയ രീതി ട്രംപ് വീണ്ടും പയറ്റുമോയെന്നും ഇറാന്‍ ഭയപ്പെടുന്നു. ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ആണവക്കരാറില്‍ അദ്ദേഹത്തിന്റെയും ഇസ്രയേലിന്റെയും താല്‍പര്യങ്ങള്‍ക്ക് അനുസൃതമായ നിബന്ധനകള്‍ ചേര്‍ത്ത് വീണ്ടും ഒപ്പുവയ്ക്കാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിക്കുമേല്‍ സമ്മര്‍ദം ചെലുത്തുമെന്നും ഇറാന്‍ കരുതുന്നു. ട്രംപ് പ്രസിഡന്റായിരിക്കേയാണ് 2015ലെ ഇറാന്‍ ആണവക്കരാറില്‍നിന്ന് യുഎസ് പിന്മാറിയത്.
യുഎസിലെ അധികാരമാറ്റം മധ്യപൂര്‍വദേശത്തെ ശാക്തിക അച്ചുതണ്ടില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇത് ഇറാന്റെ വിദേശ നയത്തിലും സാമ്പത്തികലക്ഷ്യങ്ങളിലും വരെ പൊളിച്ചെഴുത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. അധികാരത്തിലെത്തുന്നത് കമല ഹാരിസാണെങ്കിലും യുഎസിന്റെ ബന്ധത്തില്‍ ശുഭകരമായ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും ഇറാന്‍ കരുതുന്നു. യുഎസിന്റെ മുഖ്യശത്രുക്കളിലൊന്ന് ഇറാനാണെന്ന് വിവിധ വേദികളില്‍ കമല തുറന്നു പറഞ്ഞിട്ടുമുണ്ട്.
കമലയേക്കാള്‍ ട്രംപ് ചര്‍ച്ചയ്‌ക്കെങ്കിലും സന്നദ്ധത പ്രകടിപ്പിക്കുമെന്ന് കരുതുന്നവരും കൂടുതലാണ്. ”ട്രംപ് ഒന്നുകില്‍ ഇറാനെതിരെ കടുത്ത നടപടിയെടുക്കും അല്ലെങ്കില്‍ ഇസ്രയേലിന് ഇറാന്റെ ആണവകേന്ദ്രങ്ങളെ ആക്രമിക്കാനുള്ള അനുമതി നല്‍കും. ഇറാനെതിരെ സമ്പൂര്‍ണ സൈനിക നടപടിയ്ക്കാകും അദ്ദേഹം തയ്യാറാകുക” ഗള്‍ഫ് റിസര്‍ച്ച് സെന്റര്‍ മേധാവി അബ്ദേല്‍ അസീസ് അല്‍ സാഗര്‍ പറഞ്ഞു. ട്രംപ് തിരിച്ചുവരുകയെന്നത് നെതന്യാഹുവിന്റെ ഏറ്റവും വലിയ സ്വപ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.