KeralaNEWS

വിശ്വാസ വോട്ടെടുപ്പില്‍ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി സെബാസ്റ്റിയന്‍ പോള്‍

തൃശൂര്‍: മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിക്കെതിരെ ഗുരുതര ആരോപണവുമായി ഇടതു സ്വതന്ത്ര എം.പിയായിരുന്ന സെബാസ്റ്റ്യന്‍ പോള്‍. വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് 25 കോടി രൂപ വാഗ്ദാനം ചെതെന്നാണു വെളിപ്പെടുത്തല്‍. ഓപറേഷന്‍ സംഘത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയും ഉണ്ടായിരുന്നതായി സെബാസ്റ്റ്യന്‍ പോള്‍ വെളിപ്പെടുത്തി.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ അവസാനകാലത്ത് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ച സമയത്താണ് കോഴ വാഗ്ദാനം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുമായി ആണവ കരാര്‍ ഒപ്പിട്ടതായിരുന്നു പിന്തുണ പിന്‍വലിക്കാന്‍ കാരണം. വിശ്വാസവോട്ട് തേടണമെന്ന് അന്ന് രാഷ്ട്രപതി നിര്‍ദേശിച്ചു. എന്നാല്‍, വിശ്വാസ വോട്ടെടുപ്പ് അതിജീവിക്കാന്‍ ആവശ്യമായ എംപിമാര്‍ ഇല്ലായിരുന്നു. അതിന് കുറേ എംപിമാരെ ചാക്കിട്ടുപിടിക്കേണ്ടി വന്നു. പ്രണബ് മുഖര്‍ജിയായിരുന്നു ആ ഓപറേഷന്റെ തലവന്‍. അതില്‍ വയലാര്‍ രവിയും അഹ്‌മദ് പട്ടേലുമെല്ലാം ഉണ്ടായിരുന്നുവെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

Signature-ad

”രണ്ടുപേര്‍ എന്റെ വീട്ടില്‍ വന്ന് വിശ്വാസ വോട്ടെടുപ്പിനെ അനുകൂലിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്തുണ പിന്‍വലിച്ച സിപിഎമ്മിനും പ്രകാശ് കാരാട്ടിനുമുള്ള രാഷ്ട്രീയ മറുപടിയായിരിക്കും സ്വതന്ത്ര എംപിയായ എന്റെ വോട്ട് എന്ന കണക്കുകൂട്ടലിലായിരുന്നു. അന്ന് സ്റ്റിങ് ഓപറേഷന്‍ നടക്കുന്ന സമയം ആയതിനാല്‍ ആ സംശയമായിരുന്നു എനിക്ക്. കോഴ വാഗ്ദാനത്തിനു വഴങ്ങുകയും ചെയ്തിരുന്നില്ല.

പക്ഷേ, അടുത്ത ദിവസം പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ വച്ച് അന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കൂടിയായ വയലാര്‍ രവി അബദ്ധം പറ്റിയതാണെന്ന് സമ്മതിച്ചു. സ്വതന്ത്രനെന്നു കണ്ടപ്പോള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തതാണ്. ഇനി ആരും സമീപിക്കില്ല” – അദ്ദേഹം പറഞ്ഞു.

അന്നതു വലിയ വിഷയമാക്കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പുതിയ രാഷ്ട്രീയ വിവാദത്തിന്റെ പശ്ചാത്തലത്തിലാണു വെളിപ്പെടുത്തണമെന്നു തോന്നിയത്. സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് വേറെയും എംപിമാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്തിരുന്നു. ചിലരോട് വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കാനാണ് ആവശ്യപ്പെട്ടിരുന്നതെന്നും സെബാസ്റ്റ്യന്‍ പോള്‍ ആരോപിച്ചു.

 

Back to top button
error: