കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച യാക്കോബായ സുറിയാനി സഭയുടെ തലവന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ സംസ്‌കാരം നവംബര്‍ രണ്ട് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആരംഭിക്കും. ഇന്ന് വൈകിട്ട് നാല് മണി മുതല്‍ നാളെ വൈകിട്ട് മൂന്ന് മണി വരെ പുത്തന്‍കുരിശ് പത്രിയാര്‍ക്കീസ് സെന്ററില്‍ പൊതുദര്‍ശനം നടക്കും. കബറടക്ക ശുശ്രൂഷക്ക് ശേഷം പുത്തന്‍കുരിശ് പള്ളിയില്‍ ബാവ നിര്‍ദേശിച്ചിടത്തായിരിക്കും സംസ്‌കാരം നടത്തുക.
അതേസമയം, ബാവായുടെ വിയോഗത്തില്‍ പള്ളികളിലും പള്ളി വക സ്ഥാപനങ്ങളിലും 14 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സഭക്ക് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും മണര്‍കാട് പള്ളി അധികൃതര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടായിരുന്നു ബാവാ അന്തരിച്ചത്. ആറ് മാസത്തോളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം കതോലിക്കാ ബാവയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. യാക്കോബായ സുറിയാനി സഭയുടെ വളര്‍ച്ചയില്‍ സമാനതകളില്ലാത്ത സംഭാവനകളാണ് അദ്ദേഹം നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലപാടുകളില്‍ അചഞ്ചലനായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ സഭയെ സംരക്ഷിച്ചുനിര്‍ത്തിയ വലിയ ഇടയനായിരുന്നു അദ്ദേഹം എന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
സമരഭരിതമായ താപസജീവിതമായിരുന്നു കാലം ചെയ്ത യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്റേതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറിച്ചു. പ്രതിസന്ധിഘട്ടങ്ങളില്‍ യാക്കോബായ സഭയെ മുന്നോട്ട് നയിക്കുന്നതിനുള്ള ഊര്‍ജവും ശക്തിയുമാണ് ശ്രേഷ്ഠ കാതോലിക്കാ ബാവ വിശ്വാസി സമൂഹത്തിന് നല്‍കിയത്. കാറും കോളും നിറഞ്ഞ കാലങ്ങളില്‍ യാക്കോബായ സഭയെ പോരാളിയുടെ വീര്യത്തോടെ, വീഴ്ചകളില്ലാതെ നയിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത് ജീവിതം നല്‍കിയ അനുഭവപാഠങ്ങളും ഇടമുറിയാത്ത പ്രാര്‍ഥനയുമാണെന്നും സതീശന്‍ പറഞ്ഞു.