കോട്ടയം: പ്രവാസിമലയാളിയോട്, വൈദ്യുതി കണക്ഷന്‍ സ്ഥിരപ്പെടുത്തുന്നതിന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍. കുറവിലങ്ങാട് സെക്ഷന്‍ ഓവര്‍സിയര്‍ തലയോലപ്പറമ്പ് കീഴൂര്‍ മണ്ണാറവേലില്‍ എം.കെ. രാജേന്ദ്ര(51)നെയാണ് കിഴക്കന്‍ മേഖല വിജിലന്‍സ് ഡിവൈ.എസ്.പി. നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
പ്രവാസി മലയാളി വീട് നിര്‍മിക്കുന്നതിന് താത്കാലിക വൈദ്യുതി കണക്ഷന്‍ എടുത്തിരുന്നു. നിര്‍മാണം പൂര്‍ത്തിയായതോടെ, ഗാര്‍ഹിക കണക്ഷനായി സ്ഥിരപ്പെടുത്തി കിട്ടുന്നതിന് ഒരുമാസംമുമ്പ് അപേക്ഷ നല്‍കി. കഴിഞ്ഞദിവസം കുറവിലങ്ങാട് സെക്ഷന്‍ ഓഫീസിലെത്തിയപ്പോള്‍ രാജേന്ദ്രന്‍ 10000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
ഇതോടെ വീട്ടുടമ വിജിലന്‍സിനെ ബന്ധപ്പെട്ടു. വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം വീട്ടുടമ തുക നല്‍കാമെന്ന് സമ്മതിച്ചു. വിജിലന്‍സ് രാസവസ്തു പുരട്ടി നല്‍കിയ പണവും കരുതിവെച്ചു.
ബുധനാഴ്ച രാവിലെ വിജിലന്‍സ് സംഘം വീട് നിര്‍മാണത്തൊഴിലാളികളുടെ വേഷത്തില്‍ സ്ഥലത്തെത്തി. പരിശോധനയ്ക്ക് എന്ന പേരിലെത്തിയ രാജേന്ദ്രന്‍, കൈക്കൂലി വാങ്ങി പോകാന്‍ ഒരുങ്ങുമ്പോള്‍ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.