തൃശൂര്‍: ഇരുപത്തിയഞ്ചോളം മോഷണ കേസുകളിലെ പ്രതിയായ അന്തര്‍ ജില്ലാ മോഷ്ടാവ് അറസ്റ്റില്‍. മല്ലാട് പുതുവീട്ടില്‍ മനാഫിനെ(45-മരപ്പട്ടി മനാഫ്)യാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13-ാം തീയതി ആല്‍ത്തറ ഗോവിന്ദപുരം ക്ഷേത്രത്തില്‍ മോഷണം നടന്നതിനെ തുടര്‍ന്ന് വടക്കേക്കാട് പൊലീസ് കേസ് എടുത്ത് അന്വേഷണം വ്യപിപ്പിച്ചിരുന്നു. അന്നേ ദിവസം തന്നെ നാലപ്പാട്ട് റോഡിലുള്ള വീട്ടില്‍ നിന്നും ഒരു മോട്ടോര്‍ സൈക്കിളും ആറ്റുപുറത്ത് നിന്ന് ഒരു സൈക്കിളും മോഷണം പോയിരുന്നു. ഗോവിന്ദപുരം ക്ഷേത്രത്തിലെ സിസിടിവിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളില്‍ മാസ്കും ഗ്ലൗസും ധരിച്ചിരുന്ന ആള് എന്ന് മാത്രമേ വിവരം ലഭിച്ചിരുന്നുള്ളു. പിന്നീട് വടക്കേക്കാട് പൊലീസ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് 200 ഓളം ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ആറ്റുപുറത്ത് നിന്നും സൈക്കിള്‍ മോഷ്ടിച്ച ശേഷം ഗോവിന്ദപുരം ക്ഷേത്രത്തിലെത്തി ഗോളകയും ഭണ്ഡാരങ്ങള്‍ കുത്തി തുറന്ന് പണവും മോഷ്ടിച്ച ശേഷം സൈക്കിളില്‍ നാലപ്പാട്ട് റോഡിലെ എടക്കാട്ട് ബാബുവിന്റെ വീട്ടില്‍ സൈക്കിള്‍ ഉപേക്ഷിച്ചു. ശേഷം അവിടെ ഉണ്ടായിരുന്ന മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച് തെക്കിനേടത്തു പടി വഴി മല്ലാട് ഭാഗത്തേക്ക് പോകുന്നതായി സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ പ്രതിയിലേക്കെത്താന്‍ പൊലീസിനു കഴിയുമായിരുന്നില്ല. ഇതിനിടയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ ചാവക്കാട് പുന്ന അയ്യപ്പ ക്ഷേത്രത്തിലും നരിയമ്പുള്ളി ക്ഷേത്രത്തിലും പഞ്ചലോഹ വിഗ്രഹവും സ്വര്‍ണ്ണ കിരീടവും ഉള്‍പ്പെടെ സമാന രീതിയിലുള്ള മോഷണം നടന്നത്. വിവരമറിഞ്ഞ് വടക്കേക്കാട് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം പുന്ന ക്ഷേത്രത്തിലും നരിയമ്പുള്ളി ക്ഷേത്രത്തിലും എത്തി പരിശോധന നടത്തുകയായിരുന്നു. ആല്‍ത്തറ ഗോവിന്ദപുരം ക്ഷേത്രത്തില്‍ നടന്ന സമാന സ്വഭാവമുള്ള മോഷണങ്ങളാണ് ചാവക്കാട് നടന്നിട്ടുള്ളതെന്ന് മനസ്സിലാക്കിയ പൊലീസ് മനാഫിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. രണ്ടു സംഘങ്ങളായി ഇരിങ്ങാലക്കുടയിലേക്ക് പോകുകയും ഒളിവില്‍ കഴിയുകയായിരുന്ന മനാഫിനെ വാടക വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
വീട്ടില്‍ സൂക്ഷിച്ചിരുന്ന നരിയമ്പുള്ളി ക്ഷേത്രത്തിലെ വിഷ്ണുമായ വിഗ്രഹവും സ്വര്‍ണ്ണ കിരീടവും ഉള്‍പ്പെടെയുള്ള മോഷണ മുതലുകള്‍ പൊലീസ് കണ്ടെടുത്തു. ഗോവിന്ദപുരം ക്ഷേത്രത്തിലെ വെള്ളി ഗോളക ഉരുക്കിയ രൂപത്തിലും ദണ്ഡാരത്തിലെ പണവും പൊലീസിന് ലഭിച്ചു. പെരുമ്പടപ്പ് കാട്ടുമാഠം ക്ഷേത്രത്തിലെ മോഷണ കേസില്‍ അറസ്റ്റിലായി ജൂണ്‍ മാസത്തോടെ പുറത്തിറങ്ങിയ ശേഷം രാത്രികാലങ്ങളില്‍ ചാവക്കാട്, വടക്കേക്കാട് ഭാഗങ്ങളില്‍ മോഷണം നടത്തുകയും പകല്‍ സമയം ഇരിങ്ങാലക്കുടയില്‍ ഒളിവില്‍ താമസിക്കുകയുമാണ് ഇയാള്‍ ചെയ്തിരുന്നത്. നിരവധി മോഷണ കേസുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് മരപ്പട്ടി മനാഫ്.