കണ്ണൂര്‍: അഡിഷനല്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) കെ.നവീന്‍ബാബുവിന്റെ മരണത്തെത്തുടര്‍ന്ന് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേര്‍ക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യയുടെ മുന്‍കൂര്‍ജാമ്യ ഹര്‍ജി തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.
വളരെ ആഗ്രഹിച്ച വിധിയാണെന്നും വളരെ ആശ്വാസമുണ്ടെന്നും നവീന്‍ ബാബുവിന്റെ സഹോദരന് പ്രവീണ്‍ ബാബു പറഞ്ഞു. ജാമ്യം നിഷേധിച്ചതോടെ ദിവ്യയ്ക്ക് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കാം. വിധി വരുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന അപേക്ഷയും നല്‍കാം.
സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതോടെ ഉടന്‍ പൊലീസിന് അറസ്റ്റ് ചെയ്യാം. അറസ്റ്റ് ചെയ്താല്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കും. കോടതി നിര്‍ദേശപ്രകാരം ജയിലിലേക്ക് അയയ്ക്കും. എന്നാല്‍, അറസ്റ്റിനു മുന്‍പ് ദിവ്യയ്ക്കു മജിസ്ട്രേട്ട് കോടതിയില്‍ കീഴടങ്ങുകയുമാകാം.