CrimeNEWS

തേങ്കുറുശ്ശി ദുരഭിമാനക്കൊല: ഹരിതയുടെ അച്ഛനും അമ്മാവനും ജീവപര്യന്തം തടവ്

പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസില്‍ പ്രതികളായ പ്രഭുകുമാര്‍ (43), കെ.സുരേഷ്‌കുമാര്‍ (45) എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷ. ഇരു പ്രതികള്‍ക്കും 50,000 രൂപ വീതം പിഴയും കോടതി വിധിച്ചു. 2020 ക്രിസ്മസ് ദിനത്തില്‍ ഇലമന്ദം കൊല്ലത്തറയില്‍ അനീഷിനെ (27) കൊലപ്പെടുത്തിയ കേസിലാണ് വിധി. അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനാണ് പ്രഭുകുമാര്‍. കെ.സുരേഷ് കുമാര്‍ അമ്മാവനും. പാലക്കാട് അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി ആര്‍.വിനായക റാവു ആണു കേസ് പരിഗണിച്ചത്.

വിധിയില്‍ തൃപ്തിയില്ലെന്നും വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അനീഷിന്റെ ഭാര്യ ഹരിതയും അനീഷിന്റെ പിതാവും പറഞ്ഞു. ഇരട്ട ജീവപര്യന്തമോ വധശിക്ഷയോ ആണ് പ്രതീക്ഷിച്ചത്. തനിക്കെതിരെയും വീട്ടുകാരില്‍നിന്ന് ഭീഷണിയുണ്ടായെന്ന് ഹരിത പ്രതികരിച്ചു. തന്നെയും കൊല്ലുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു. മകനുനേരെയുണ്ടായ ക്രൂരതയില്‍ ഈ വിധി പോരെന്ന് അനീഷിന്റെ പിതാവ് പറഞ്ഞു. അഭിഭാഷകനുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.

Signature-ad

ഇതരജാതിയില്‍പ്പെട്ട ഹരിതയും അനീഷും പ്രണയിച്ച് വിവാഹം കഴിച്ചതിലെ വൈരാഗ്യത്തിലാണ് പ്രഭുകുമാറും സുരേഷും ചേര്‍ന്ന് അനീഷിനെ ക്രൂരമായി കൊലപ്പെടുത്തിയത് എന്നാണു കേസ്. വിവാഹത്തിന്റെ 88ാം ദിവസമായിരുന്നു കൊലപാതകം. വിവാഹശേഷം പലപ്പോഴായി അനീഷിനെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് 90 ദിവസത്തിനു മുന്‍പു താലിയറുക്കുമെന്ന് പ്രഭുകുമാര്‍ മകളെ ഭീഷണിപ്പെടുത്തിയിരുന്നു.

പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്നും അനീഷിന്റെ കുടുംബാംഗങ്ങള്‍ക്കു ധനസഹായം നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. നടന്നത് അതിക്രൂരമായ കൊലപാതകം അല്ലെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വം അല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതികള്‍ക്കു പരമാവധി ശിക്ഷ തന്നെ നല്‍കണമെന്ന് അനീഷിന്റെ ഭാര്യ പി.ഹരിത, മാതാപിതാക്കളായ ഇ.കെ.ആറുമുഖന്‍, കെ.രാധ എന്നിവര്‍ ആവശ്യപ്പെട്ടു.

വിവാദമായ കേസ് അന്വേഷിച്ചതു ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന സി.സുന്ദരനാണ്. അനീഷിന്റേതു ദുരഭിമാനക്കൊലയെന്നു വ്യക്തമാക്കി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.ജോണ്‍ 2024 മാര്‍ച്ചില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഹരിത, അനീഷിന്റെ സഹോദരന്‍ അരുണ്‍ എന്നിവര്‍ ഉള്‍പ്പെടെ 59 സാക്ഷികളെ വിസ്തരിച്ചു. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണു ചുമത്തിയത്. കേസില്‍ കൃത്യമായ സാക്ഷിമൊഴികളും തെളിവുകളും ഹാജരാക്കാന്‍ കഴിഞ്ഞതായി പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ പി.അനില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: