ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ ശതകോടീശ്വരന്‍ പങ്കജ് ഓസ്വാളിന്റെ മകള്‍ വസുന്ധരയെ (26) അനധികൃതമായി ഉഗാണ്ടയില്‍ തടവിലിട്ടിരിക്കുകയാണെന്നു പരാതി. പങ്കജ് ഓസ്വാളാണ് ഐക്യരാഷ്ട്ര സംഘടനയ്ക്ക് അപ്പീല്‍ നല്‍കിയത്. ലോ എന്‍ഫോഴ്‌സ്‌മെന്റുകാര്‍ എന്നവകാശപ്പെട്ട് 20 ആയുധധാരികളാണു വസുന്ധരയെയും മറ്റു ചില ജീവനക്കാരെയും യുഗാണ്ടയിലുള്ള ഓസ്വാള്‍ കുടുംബത്തിന്റെ സ്പിരിറ്റ് ഫാക്ടറിയില്‍ നിന്നു പിടിച്ചുകൊണ്ടു പോയത്. ഒക്ടോബര്‍ 1 മുതല്‍ വസുന്ധര തടവിലാണ്.
ഓസ്വാള്‍ കുടുംബത്തിനു കീഴിലെ ബിസിനസ് സംരംഭങ്ങളിലൊന്നില്‍ ജീവനക്കാരനായ മുകേഷ് മെനാരിയയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. എന്നാല്‍ മെനാരിയ ടാന്‍സാനിയയില്‍ ജീവനോടെയുണ്ടെന്നും തങ്ങള്‍ക്കനുകൂലമായി മൊഴി നല്‍കിയിട്ടുണ്ടെന്നും ഓസ്വാള്‍ കുടുംബം പറയുന്നു. പങ്കജ് ഉഗാണ്ടന്‍ പ്രസിഡന്റിന് പരാതി നല്‍കിയിട്ടുണ്ട്. വൃത്തിഹീനമായ ചുറ്റുപാടിലാണ് വസുന്ധരയെന്ന് ഓസ്വാള്‍ കുടുംബം ആരോപിച്ചു.
ഓസ്‌ട്രേലിയയിലും സ്വിറ്റ്‌സര്‍ലന്‍ഡിലുമായി തട്ടകമുറപ്പിച്ചിട്ടുള്ള പങ്കജ് ഓസ്വാള്‍ ലോകത്തെ ഏറ്റവും വലിയ അമോണിയ ഉത്പാദന കമ്പനികളിലൊന്നിന്റെ സ്ഥാപകനാണ്.