പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 5 മരണം. കാറിൽ ഉണ്ടായിരുന്ന കോങ്ങാട് സ്വദേശികളാണ് മരിച്ചത്. ഇന്നലെ രാത്രി 11നായിരുന്നു അപകടം. പാലക്കാടു നിന്നെത്തിയ കാറും എതിരെ വന്ന ചരക്കു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. കല്ലടിക്കോട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്.
കനത്ത മഴയിൽ കാർ നിയന്ത്രണം തെറ്റി ലോറിയിലേക്ക് ഇടിച്ചുകയറി എന്നാണ് പൊലീസ് പറയുന്നത്. ചരക്കു ലോറി കോയമ്പത്തൂർ ഭാഗത്തേക്കു പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
കോങ്ങാട് മണ്ണാന്തറ സ്വദേശി കൃഷ്ണൻ- ഓമന ദമ്പതികളുടെ മകൻ ഓട്ടോ ഡ്രൈവറായ വിജേഷ് (35), വീണ്ടപ്പാറ സ്വദേശി ചിദംബരന്റെ മകൻ രമേശ് (31), വെള്ളയന്തോട് വിജയകുമാർ- ജാനകി ദമ്പതികളുടെ മകൻ വിഷ്ണു (30), കോങ്ങാട് മണിക്കശേരി മെഹമൂദിന്റെ മകൻ മുഹമ്മദ് അഫ്സൽ (17) എന്നിവരാണ് മരണപ്പെട്ടത്. ഒരാളുടെ വിവരം ലഭ്യമായിട്ടില്ല.
കാറിൽ ഉണ്ടായിരുന്നത് 5 പേരാണ്. ഇവരിൽ 3 പേർ തൽക്ഷണം മരിച്ചു. രണ്ടു പേരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ക്രെയിനെത്തിച്ച് ഇരുവാഹനങ്ങളും നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.