ഭോപ്പാല്‍: പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച യുവാവിനെതിരെ വ്യത്യസ്തമായ ശിക്ഷ വിധിച്ച് മധ്യപ്രദേശ് ഹൈക്കോടതി. ഫൈസാന്‍ എന്ന യുവാവിനെയാണ് കോടതി ശിക്ഷിച്ചത്. രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചതില്‍ മിസ്രോദ് പോലീസ് സ്റ്റേഷനില്‍ എല്ലാ മാസവും ആദ്യത്തെയും നാലാമത്തെയും ചൊവ്വാഴ്ചകളില്‍ ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിച്ച് 21 തവണ ത്രിവര്‍ണ പതാകയെ സല്യൂട്ട് ചെയ്യാനാണ് കോടതി നിര്‍ദേശം.
ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഫൈസാന്‍ ഇന്ന് പോലീസ് സ്റ്റേഷനിലെത്തി. ശേഷം ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിച്ച് 21 തവണ ദേശീയ പതാകയ്ക്ക് സല്യൂട്ട് നല്‍കിയതായി മിസ്റോഡ് പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. കേസില്‍ വിചാരണ തുടരുകയാണ്. കോടതി നടപടികള്‍ കഴിയും വരെ ഈ ശിക്ഷ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാകിസ്ഥാന്‍ അനുകൂല റീലുകള്‍ നിര്‍മ്മിച്ചത് വലിയ തെറ്റാണെന്നും അതില്‍ ഖേദിക്കുന്നുവെന്നും ഫൈസാന്‍ പറഞ്ഞു. ആരും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കരുതെന്നും, ഇത്തരം വിഡിയോകള്‍ ചെയ്യരുതെന്ന് തന്റെ സുഹൃത്തുക്കളോട് പറയാറുണ്ടെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് യുവാവ് അറസ്റ്റിലായിരുന്നു. കേസില്‍ ഒക്ടോബര്‍ 15ന് പുറപ്പെടുവിച്ച ഉത്തരവില്‍ ഉപാധികളോടെ യുവാവിനെ ജാമ്യത്തില്‍ വിടാന്‍ ഹൈക്കോടതി ജസ്റ്റിസ് ഡി കെ പാലിവാള്‍ ഉത്തരവിടുകയായിരുന്നു.