കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ റവന്യൂ വകുപ്പിന്റെ ഉന്നതതല അന്വേഷണം തുടങ്ങി. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത ഐഎഎസ് കണ്ണൂരിലെത്തി കലക്ടറുടെ മൊഴിയെടുപ്പ് തുടരുകയാണ്. പെട്രോള്‍ പമ്പ് അനുമതിയില്‍ അഴിമതിയുണ്ടോ എന്നതടക്കം പ്രധാനമായും ആറ് കാര്യങ്ങളാണ് കലക്ടറോട് ചോദിക്കുന്നത്. സംഭവത്തില്‍ റവന്യൂ മന്ത്രിക്ക് നേരത്തെ കലക്ടര്‍ ഒരു പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് നല്‍കിയിരുന്നില്ല.
തുടര്‍ന്നാണ് അന്വേഷണ സംഘത്തെ നിയോ?ഗിച്ചതും എ.? ഗീതയ്ക്ക് ചുമതല നല്കിയതും. കലക്ടര്‍ക്കെതിരെയും ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തെ അന്വേഷണ സംഘത്തില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. ഇന്നു രാവിലെ റവന്യൂ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് എ. ഗീത കണ്ണൂര്‍ കലക്ടറേറ്റില്‍ കലക്ടറുടെ മൊഴി രേഖപ്പെടുത്താന്‍ എത്തിയത്. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് താന്‍ ക്ഷണിച്ചിട്ടാണ് ചെന്നതെന്ന പി.പി ദിവ്യയുടെ വാദം കലക്ടര്‍ തള്ളി.
നവീന്‍ ബാബുവിന്റെ ബന്ധുക്കളും കലക്ടറേറ്റ് ജീവനക്കാരും കലക്ടര്‍ക്കെതിരെ അന്വേഷണ സംഘത്തിന് മൊഴി നല്കി. നവീന്‍ അവധി നല്കുന്നതില് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നുവെന്നും സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതല്‍ നല്കാന് വൈകിച്ചെന്നുമായിരുന്നു കുടുംബത്തിന്റെ മൊഴി. എഡിഎമ്മിനെതിരെ പി.പി ദിവ്യ നടത്താന്‍ പോകുന്ന പരാമര്‍ശങ്ങളെക്കുറിച്ച് കലക്ടര്‍ക്ക് അറിയുമായിരുന്നുവെന്നാണ് ജീവനക്കാര്‍ മൊഴി നല്‍കിയത്. അതുകൊണ്ടാണ് ഇടപെടാതിരുന്നതെന്നും അവര്‍ പറഞ്ഞു.
അതേസമയം, കലക്ടറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിവിധ യുവജനസംഘടനകള്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. യുവമോര്‍ച്ച, കെഎസ്യു എന്നീ സംഘടനകളാണ് മാര്‍ച്ച് നടത്തിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കലക്ടറേറ്റിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. നവീന്‍ ബാബുവിന്റെ കുടുംബവും ജീവനക്കാരുമടക്കം എതിരായ സാഹചര്യത്തില്‍ അരുണ്‍ കെ. വിജയനെ കണ്ണൂര്‍ കലക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയേക്കും.
എഡിഎമ്മിന്റെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യം എന്ത് എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് പുതിയ അന്വേഷണസംഘത്തിന് റവന്യൂ വകുപ്പിന്റെ നിര്‍ദേശം. എഡിഎമ്മിനെതിരായ അഴിമതി ആരോപണം, പെട്രോള്‍ പമ്പിനുള്ള എന്‍ഒസി മനഃപൂര്‍വം വൈകിപ്പിച്ചോ തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും.