KeralaNEWS

വീഡിയോഗ്രഫറെ ഒരുക്കിനിര്‍ത്തി, അപമാനിച്ചത് കരുതിക്കൂട്ടി; ദിവ്യയ്‌ക്കെതിരെ മുന്‍പും കേസ്

കണ്ണൂര്‍: നവീന്‍ ബാബുവിനു നല്‍കിയ യാത്രയയപ്പു ചടങ്ങിലേക്കു കലക്ടറേറ്റിലെ റവന്യു സ്റ്റാഫിനല്ലാതെ മറ്റാര്‍ക്കും ക്ഷണമുണ്ടായിരുന്നില്ല. പൊതുപരിപാടിയല്ലാത്തതിനാല്‍ മാധ്യമപ്രവര്‍ത്തകരോ പിആര്‍ഡി ജീവനക്കാരോ ഉണ്ടായിരുന്നുമില്ല. പക്ഷേ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ക്ഷണിക്കാതെ കയറിച്ചെല്ലുന്നതിനു മുന്‍പ് ഒരു വീഡിയോഗ്രഫര്‍ സ്ഥലത്തെത്തി കാത്തിരുന്നു. ദിവ്യയുടെ 6 മിനിറ്റ് പ്രസംഗവും ഇറങ്ങിപ്പോക്കും പൂര്‍ണമായി ചിത്രീകരിച്ചു.

രാത്രി ഈ വീഡിയോ മാധ്യമപ്രവര്‍ത്തകര്‍ക്കും ചാനലുകള്‍ക്കും ലഭ്യമാക്കി. യാത്രയയപ്പില്‍ എഡിഎമ്മിനെ ദിവ്യ വിമര്‍ശിച്ചകാര്യം വാര്‍ത്തയാവുകയും സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുകയും ചെയ്തു. എഡിഎമ്മിനെ പരമാവധി അപമാനിച്ചുവിടുക എന്ന കൃത്യമായ തിരക്കഥയിലാണ് കാര്യങ്ങള്‍ നടന്നതെന്നു വ്യക്തം.

Signature-ad

2016 ല്‍ തലശ്ശേരി കുട്ടിമാക്കൂലില്‍ ദലിത് വിഭാഗത്തില്‍പെട്ട സഹോദരിമാരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സഹോദരിമാരില്‍ ഒരാള്‍ ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ പി.പി.ദിവ്യയ്‌ക്കെതിരെ കേസെടുത്തിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ ഇവര്‍ പൊതുശല്യമെന്ന തരത്തില്‍ ദിവ്യ പറഞ്ഞതിനെത്തുടര്‍ന്നാണ് അതിലൊരു പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നായിരുന്നു പരാതി. പട്ടികവിഭാഗ കമ്മിഷനാണ് അന്നു കേസെടുത്തത്. ഈ കേസ് പിന്നീട് എഴുതിത്തള്ളി. പെണ്‍കുട്ടികളുടെ അച്ഛന്‍ കോണ്‍ഗ്രസ് നേതാവായിരുന്നു. അദ്ദേഹം 2021 ല്‍ സിപിഎമ്മില്‍ ചേരുകയും ചെയ്തു.

അതേസമയം, മരിച്ച നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ പാര്‍ട്ടിബന്ധം ഉറപ്പിച്ചും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ പരാമര്‍ശങ്ങളെ തള്ളിയും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. യാത്രയയപ്പു യോഗത്തിലെ ദിവ്യയുടെ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു.

മികച്ച രീതിയില്‍ സേവനം നടത്തുന്ന ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബു. നീണ്ടകാലം പത്തനംതിട്ടയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഒരാക്ഷേപവും ഉണ്ടായിട്ടില്ല. സ്ഥലംമാറ്റത്തിന് അനുകൂല ഇടപെടല്‍ പാര്‍ട്ടി നടത്തിയെന്നും കുറിപ്പില്‍ പറയുന്നു.

നവീന്‍ ബാബുവിന്റെ അമ്മ സിപിഎം പഞ്ചായത്തംഗമായിരുന്നതും ബന്ധു ഓമല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായതും നവീന്‍ ബാബുവും ഭാര്യ മഞ്ജുഷയും സംഘടനകളില്‍ പ്രവര്‍ത്തിച്ചതുമെല്ലാം വിശദീകരണത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: