KeralaNEWS

തൂണേരി ഷിബിന്‍ വധക്കേസ്: 7 പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഹൈക്കോടതി

   നാദാപുരം തൂണേരിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 7 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഹൈക്കോടതി. വിചാരണക്കോടതി വിട്ടയച്ച പ്രതികള്‍ക്കാണ് ഹൈക്കോടതി ജീവപര്യന്തം ശിക്ഷയും വിവിധ വകുപ്പുകളിലായി 5,47000 രൂപ പിഴയൊടുക്കാനും വിധിച്ചത്. ഈ വിധി സമൂഹത്തിന് ഒരു സന്ദേശമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഹൈക്കോടതി ശിക്ഷ പ്രഖ്യാപിച്ചത്.

പിഴ തുകയില്‍ 5 ലക്ഷം രൂപ കൊല്ലപ്പെട്ട ഷിബിന്റെ പിതാവിനും ബാക്കി തുക പരുക്കേറ്റവര്‍ക്കും തുല്യമായി നല്‍കണമെന്ന് ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാര്‍, സി പ്രദീപ് കുമാര്‍ എന്നിവര്‍ വിധിന്യായത്തില്‍ വ്യക്തമാക്കി.

Signature-ad

ഷിബിന്‍ കൊല്ലപ്പെട്ടത് 2015 ജനുവരി 22നാണ്. രാഷ്ട്രീയ വിരോധത്താല്‍ ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള ഡി വൈ എഫ് ഐ- സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നാണ് കേസ്.

സംഭവത്തില്‍ 6 പേര്‍ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. എന്നാല്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്ന് വ്യക്തമാക്കി എരഞ്ഞിപ്പാലം സ്‌പെഷല്‍ അഡീഷനല്‍ സെഷന്‍സ് കോടതി 17 പ്രതികളെയും വെറുതെ വിട്ടു. ഇതിനെതിരെ സര്‍ക്കാരും ഷിബിന്റെ പിതാവ് ഭാസ്‌കരനും ആക്രമണത്തില്‍ പരുക്കേറ്റവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേസിലെ ഒന്നാം പ്രതി തെയ്യാംമ്പാടി ഇസ്മായില്‍ ഇതുവരെ കീഴടങ്ങിയിട്ടില്ല. ഇവര്‍ക്കൊപ്പം വിചാരണ കോടതി വിട്ടയിച്ച മൂന്നാം പ്രതി അസ്ലാമും കുറ്റക്കാരനാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ വിചാരണ കോടതി വിട്ടയച്ചതിന് പിന്നാലെ അസ്ലാം കൊല്ലപ്പെട്ടു.

ഒന്നാം പ്രതി ഒഴികെയുള്ളവര്‍ കഴിഞ്ഞദിവസം ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് നാട്ടിലെത്തുകയും നാദാപുരം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് ഇവരെ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: