തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ നടന്‍ സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. രണ്ടാം തവണയാണ് സിദ്ദിഖ് പോലീസിന് മുന്നില്‍ ഹാജരാകുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പോലീസ് കമ്മിഷണര്‍ ഓഫീസിലാണ് ചോദ്യംചെയ്യലിന് സിദ്ദിഖ് ഹാജരായിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ്.പി മെറിന്‍ ജോസഫ്, മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
സുപ്രീം കോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം നേടിയതിനുശേഷം കഴിഞ്ഞ തിങ്കളാഴ്ച സിദ്ദിഖിനെ അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍, പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാല്‍ ചോദ്യം ചെയ്യാതെ വിട്ടയച്ചു. ആവശ്യപ്പെട്ട രേഖകളുമായി ഇന്ന് ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയാണ് അന്വേഷണസംഘം അന്ന് വിട്ടയച്ചത്.
ചോദ്യം ചെയ്യലിനുശേഷം സിദ്ദിഖിന്റെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. അറസ്റ്റ് ചെയ്താല്‍ കോടതിയില്‍ ഹാജരാക്കും. എന്നാല്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ അന്വേഷണസംഘത്തിന് കസ്റ്റഡിയില്‍ വെക്കാന്‍ ആവശ്യപ്പെടാനാകില്ല. അതിനാല്‍ വിചാരണക്കോടതി ജാമ്യം നല്‍കണമെന്നാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നത്.
തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് സിദ്ദിഖ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചില സാഹചര്യത്തെളിവുകള്‍ കണ്ടെത്തിയിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സിദ്ദിഖ് ഹൈക്കോടതിയിലെത്തിയെങ്കിലും കോടതി ഹര്‍ജി തള്ളി.
ഇതിനുശേഷം ഒളിവില്‍ പോയ സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചു. സിദ്ദിഖിനായി പോലീസ് തിരച്ചില്‍ വ്യാപിപ്പിക്കുകയും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രതിയെ അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് നിര്‍ദേശിച്ച് സുപ്രീംകോടതി കേസ് മാറ്റിവെച്ചതോടെ സിദ്ദിഖ് എറണാകുളത്ത് അഭിഭാഷകനെ കാണാനെത്തി.
ഇതിനുശേഷവും അന്വേഷണസംഘം ചോദ്യംചെയ്യലിന് വിളിപ്പിക്കാത്ത സാഹചര്യത്തിലാണ് സിദ്ദിഖ് എവിടെ ഹാജരാകാനും തയ്യാറാണെന്നറിയിച്ച് മെയില്‍ അയച്ചത്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് മുന്‍കൂര്‍ജാമ്യഹര്‍ജി പരിഗണിക്കവേ സിദ്ദിഖിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.