തൊട്ടതെല്ലാം പൊന്നാക്കിയെങ്കിലും ഒരിക്കല്‍ കൈപൊള്ളി; ആദ്യ ശ്രമത്തോടെ ടാറ്റ ഉപേക്ഷിച്ച ആ ബിസിനസ്!
മുംബൈ: തൊട്ടതെല്ലാം പൊന്നാക്കിയ ജീവിതമാണ് രത്തന്‍ ടാറ്റയുടെത്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ നിര്‍മ്മിക്കുന്നവരെന്നാണ് ടാറ്റ ഗ്രൂപ്പിനെക്കുറിച്ച് പറയാറുള്ളത്. ടാറ്റയുടെ കാര്യത്തില്‍ ഒരിക്കലും അത് അതിശയോക്തിയുമല്ല. കാരണം ഉപ്പ് മുതല്‍ ഇലക്ട്രിക് കാറുകള്‍ വരെ ടാറ്റയുടെ ഉല്‍പ്പന്നങ്ങളായി വിപണിയിലുണ്ട്. മുന്നിട്ടിറങ്ങിയ മേഖലകളിലൊക്കെ വിജയഗാഥകളുമാണ് അവര്‍ക്ക് പറയാനുള്ളത്. എന്നാല്‍ ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയ്ക്ക് വിജയിക്കാന്‍ കഴിയാതെ പോയ ഒരു മേഖലയുണ്ട്.
വിജയകഥകള്‍ മാത്രം പറയാനുള്ള ഒരു ജീവിത്തിലെ പരാജയ കഥകള്‍ക്കും അതിന്റെതായ ഒരു കൗതുകമുണ്ട്.അത്തരത്തില്‍ ടാറ്റയ്ക്ക് പരാജയം രുചിക്കേണ്ടി വന്ന മേഖല സാക്ഷാല്‍ സിനിമയാണ്.ആദ്യത്തെ സിനിമ തന്നെ പരാജയപ്പെട്ടപ്പോള്‍ ടാറ്റ അതോടെ സിനിമാ നിര്‍മ്മാണവും നിര്‍ത്തി.രണ്ടാമതൊരു വട്ടവും ശ്രമിച്ചിരുന്നേല്‍ ഒരുപക്ഷെ മറ്റെല്ലാ മേഖലയും പോലെ സിനിമയിലും ടാറ്റ വിജയം കണ്ടേനെ.
ഒരുപക്ഷെ പരാജയപ്പെട്ടതിനാലാവണം ടാറ്റ ഗ്രൂപ്പിന്റെ അധികം ചര്‍ച്ച ചെയ്യാത്ത ഒരു ബിസിനസ് ആണ് ഇത്. 2003 ലാണ് രത്തന്‍ ടാറ്റ ചലച്ചിത്ര നിര്‍മ്മാതാവിന്റെ വേഷം അണിയുന്നത്. ടാറ്റ ഇന്‍ഫോമീഡിയ എന്ന ബാനറിലായിരുന്നു ആദ്യ ചിത്രത്തിന്റെ നിര്‍മ്മാണം. വിക്രം ഭട്ട് സംവിധാനം ചെയ്ത ‘എയ്ത്ബാര്‍’ ആണ് ടാറ്റ ആദ്യമായും അവസാനമായും നിര്‍മ്മിച്ച സിനിമ.
ഒന്‍പത് കോടി രൂപക്ക് നിര്‍മിച്ച സിനിമ ഇന്ത്യയില്‍ നേടിയത് 4.5 കോടി രൂപ മാത്രം. ലോകമെമ്പാടും നിന്ന് ചിത്രം 7.5 കോടി രൂപയുടെ കളക്ഷന്‍ നേടിയെങ്കിലും മുടക്കിയ തുക നേടാന്‍ ആയില്ല. 2004 ജനുവരി 23 നാണ് ബോളിവുഡ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. രത്തന്‍ ടാറ്റയ്ക്ക് ചിത്രത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നുവെങ്കിലും ‘ഏത്ബാറി’ന്റെ റിലീസ് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഈ പ്രതീക്ഷകളെല്ലാം തകര്‍ന്നു.ചിത്രം ബോക്സ് ഓഫീസില്‍ ഫ്‌ലോപ്പ് ആവുകയും ചെയ്തു.
അമിതാഭ് ബച്ചന്‍, ജോണ്‍ എബ്രഹാം, ബിപാഷ ബസു എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.1996 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ഫിയറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിക്രം ഭട്ട് എയ്ത്ബാര്‍ ഒരുക്കിയത്.റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രം സൈക്കോപാത്ത് ആയ കാമുകനില്‍ നിന്ന് മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അച്ഛന്റെ കഥയാണ് പറഞ്ഞത്.കാമുകനായി ജോണ്‍ എബ്രഹാമും അച്ഛനായി അമിതാഭ് ബച്ചനും മകളായി ബിപാഷ ബസുവും എത്തി. എന്നാല്‍, താരമൂല്യമുള്ള അഭിനേതാക്കളും സംവിധായകനുമൊക്കെയുണ്ടായിട്ടും ചിത്രം പ്രേക്ഷകരെ കാര്യമായി സ്വാധീനിച്ചില്ല.
മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാത്തതിനെത്തുടര്‍ന്ന് രത്തന്‍ ടാറ്റ സിനിമാലോകം എന്നെന്നേയ്ക്കുമായി വിടുകയും ചെയ്തു. പിന്നീട് സിനിമ ബിസിനസില്‍ ടാറ്റ പണം മുടക്കിയിട്ടുമില്ല. സിനിമ ഒഴികെ എല്ലാ ബിസിനസ് മേഖലകളിലും രത്തന്‍ ടാറ്റ മികച്ച വിജയം നേടിയിട്ടുണ്ട്.
ഒരുപക്ഷെ ടാറ്റയുടെ ബിസിനസ് ജീവിതത്തിലെ തന്നെ ഏകപരാജയവുമായിരിക്കും സിനിമ രംഗത്തേത്ത്. വ്യാവസായ രംഗത്തെ പുതിയ തലമുറയ്ക്ക് പോലും പ്രചോദനമായ രത്തന്‍ ടാറ്റ പിന്നീടെ എന്തുകൊണ്ട് സിനിമയില്‍ ഒരു ശ്രമം കൂടി നടത്തിയില്ല എന്നത് ഇന്നും അഞ്ജാതമാണ്.