കാമുകിയെ എന്റെ അടുത്തേക്ക് കൊണ്ടുവരാന്‍ എല്ലാവരും സഹായിക്കണം! വ്യത്യസ്തമായ അഭ്യര്‍ത്ഥനയുമായി കമിതാക്കള്‍
മറ്റൊരു രാജ്യത്ത് നിന്ന് കാമുകിയെ തന്റെ നാട്ടിലേക്ക് എത്തിക്കാന്‍ വ്യത്യസ്തമായ അഭ്യര്‍ത്ഥനയുമായി യുവാവ്. ഡെന്‍മാര്‍ക്ക് സ്വദേശിനിയായ കാമുകിയെ തന്റെ രാജ്യമായ യുകെയിലേക്ക് എത്തിക്കാന്‍ സമൂഹമാദ്ധ്യമം വഴി പണം അഭ്യര്‍ത്ഥിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡെവോണിലെ 24കാരനായ നഥാനിയേല്‍ ബാഷസ്. 26കാരിയായ തന്റെ കാമുകി കാരിന്‍ കോള്‍മെട്സിനെ യുകെയില്‍ എത്തിക്കാന്‍ 88,000 പൗണ്ട് സഹായമായി വേണമെന്നാണ് ഇന്റര്‍നെറ്റിലെ അപരിചിതരോടുള്ള അഭ്യര്‍ത്ഥന.
2022 മേയിലാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ഇരുവരും പരിചയപ്പെട്ടത്. അധികം വൈകാതെ തന്നെ സൗഹൃദത്തിലും പിന്നീട് പ്രണയത്തിലുമായി. ആറ് മാസത്തോളം സ്ഥിരമായി ചാറ്റ് ചെയ്ത് അടുപ്പത്തിലായതിന് പിന്നാലെ പ്രിയതമയെ കാണാന്‍ അവളുടെ നാടായ ഡെന്‍മാര്‍ക്കിലേക്ക് യുവാവ് പോകുകയും ചെയ്തു. തങ്ങളുടെ പ്രണയം യഥാര്‍ത്ഥമാണെന്നും അത് സഫലമാകാന്‍ എല്ലാവരും സഹായിക്കണം എന്നുമാണ് ആവശ്യം.
പലതവണ കൂടിക്കാഴ്ച നടത്തിയതോടെ തങ്ങള്‍ പിരിയാന്‍ പറ്റാത്ത അത്രയും അടുപ്പത്തിലായെന്നും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹമെന്നും കമിതാക്കള്‍ പറയുന്നു. ഒരു കുടുംബമായി മുന്നോട്ട് പോകാന്‍ ആഗ്രഹമുണ്ട്. ജീവിത പങ്കാളിക്ക് അനുവദിക്കുന്ന വിസയ്ക്കായി കാരിന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതിന് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണെന്നും യുവാവ് പറയുന്നു. അടുത്തിടെയാണ് പങ്കാളി വിസയ്ക്ക് ബ്രിട്ടനില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചതെന്നും ഇത് തങ്ങളുടെ പദ്ധതിയെ താളം തെറ്റിച്ചെന്നും കമിതാക്കള്‍ പറയുന്നു.