KeralaNEWS

ലിജിമോന്‍ അച്ചന് ‘വലിയ പിതാവിന്റെ കൊച്ചുസമ്മാനം’

കോട്ടയം:  ‘പിതാവ് ഒരു കൊച്ചുസമ്മാനം തന്നു…’ ഇന്നലെ വൈകിട്ട് മൂന്നരയോടെ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട് ചങ്ങനാശേരി മാമ്മൂട്ടിലെ വീട്ടിലേക്കു വിളിച്ച് അച്ഛന്‍ ജേക്കബ് വര്‍ഗീസിനോടു പറഞ്ഞു. കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയതായിരുന്നു ഫ്രാന്‍സിസ് പിതാവ് (മാര്‍പാപ്പ) നല്‍കിയ കൊച്ചുസമ്മാനം. ആ സമ്മാനത്തിന്റെ സന്തോഷത്തിലായി പിന്നീടു കൂവക്കാട് വീട്. വിവിധ രാജ്യങ്ങളിലെ വത്തിക്കാന്‍ സ്ഥാനപതിയായിരുന്ന ചങ്ങനാശേരി അതിരൂപതാംഗം മാര്‍ ജോര്‍ജ് കോച്ചേരി പിന്നാലെ വീട്ടിലെത്തി ആശംസകള്‍ നേര്‍ന്നു. ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, നിയുക്ത ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ ഫോണിലൂടെ ആശംസകള്‍ അറിയിച്ചു. പിന്നാലെ രാഷ്ട്രീയ, സാമൂഹിക നേതാക്കളും വീട്ടിലേക്കെത്തി.

എല്ലാവര്‍ക്കും പങ്കുവയ്ക്കാന്‍ അവരുടെ പ്രിയപ്പെട്ട ‘ലിജിമോന്‍’ അച്ചന്റെ വിശേഷങ്ങള്‍. മോണ്‍. ജോര്‍ജ് കൂവക്കാടിന്റെ മാതാപിതാക്കളും സഹോദരി ലിറ്റിയുടെ കുടുംബവുമാണു മാമ്മൂട്ടിലെ വീട്ടിലുണ്ടായിരുന്നത്. വീടിനോടു ചേര്‍ന്നു ചെറിയൊരു ചാപ്പല്‍ സജ്ജീകരിച്ചിട്ടുണ്ട്. വീട്ടിലെത്തുമ്പോള്‍ ഇവിടെ കുര്‍ബാന അര്‍പ്പിച്ചിരുന്നു. കഴിഞ്ഞ വിശുദ്ധവാരത്തിലാണ് ഒടുവില്‍ നാട്ടിലെത്തിയത്.

Signature-ad

ജേക്കബ് ലീലാമ്മ ദമ്പതികളുടെ മൂന്നുമക്കളില്‍ മൂത്തയാളായി 1973 ഓഗസ്റ്റ് 11നു മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട് ജനിച്ചു. ഇളയ സഹോദരന്‍ റ്റിജി ജേക്കബ് കോഴിക്കോട്ടാണ്. സഹോദരി ലിറ്റിയാണു വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമുള്ളത്. ജോര്‍ജ് കൂവക്കാട് എസ്ബി കോളജില്‍നിന്ന് ബിഎസ്സി ബിരുദം നേടി. കുറിച്ചി സെന്റ് തോമസ് മൈനര്‍ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ മേജര്‍ സെമിനാരി, റോമിലെ സാന്താ ക്രോച്ചേ എന്നിവിടങ്ങളിലായി വൈദികപഠനം. റോമില്‍നിന്ന് കാനന്‍ നിയമത്തില്‍ പിഎച്ച്ഡിയും നേടി. പാറേല്‍ സെന്റ് മേരീസ് പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തിട്ടുണ്ട്.

മാതാപിതാക്കളുടെ 50ാം വിവാഹവാര്‍ഷികവേളയില്‍ 2022ല്‍ ഇരുവരെയും മോണ്‍. കൂവക്കാട് വത്തിക്കാനിലേക്കു കൊണ്ടുപോയിരുന്നു. മാര്‍പാപ്പയെ കാണാനുള്ള അനുമതി വാങ്ങിയിരുന്നില്ല. വത്തിക്കാനും റോമും സന്ദര്‍ശിക്കാനായിരുന്നുപോക്ക്. എന്നാല്‍ മോണ്‍. കൂവക്കാടിന്റെ മാതാപിതാക്കള്‍ വത്തിക്കാനില്‍ എത്തിയെന്നറിഞ്ഞ മാര്‍പാപ്പ ഇരുവര്‍ക്കും തന്നെ നേരിട്ടു കാണാനുള്ള സൗകര്യമുണ്ടാക്കി. കൊന്ത സമ്മാനമായി നല്‍കിയാണ് അന്നു മടക്കിയയച്ചത്.

 

Back to top button
error: