KeralaNEWS

ടിക്കറ്റ് നിരക്ക് 99 രൂപ? ബംഗളൂരുവില്‍നിന്ന് കൊച്ചിയിലേക്കും ആലപ്പുഴയിലേക്കും, ഫ്‌ളിക്‌സ് വിപ്ലവം കേരളത്തിലേക്കും

കൊച്ചി: യൂറോപ്യന്‍ രാജ്യങ്ങളില്‍ വിപ്ലവം തീര്‍ത്ത ഫ്‌ളിക്‌സ് ബസ് സര്‍വീസ് ഇന്ത്യയിലേക്ക് എത്തുന്നെന്നത് യാത്രക്കാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഒന്നായിരുന്നു. ഏറ്റവും കുറഞ്ഞ നിരക്കില്‍ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പക്കുന്ന ഫ്‌ളിക്‌സ് ബസ് ഇന്ന് 40 രാജ്യങ്ങളിലായി 5000 ഓളം സ്ഥലങ്ങളില്‍ നാല് ലക്ഷത്തോളം റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നുണ്ട്. ആഴ്ചകള്‍ക്ക് മുമ്പാണ് ഫ്‌ളിക്‌സ് ബസ് ദക്ഷിണേന്ത്യയിലേക്ക് സര്‍വീസ് വ്യാപിപ്പിച്ചത്. ഇപ്പോഴിതാ ഫ്‌ളിക്‌സ് ബസ് കേരളത്തിലേക്കും എത്തുന്നെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, ഈ വര്‍ഷാവസാനം കേരളത്തിലേക്കുള്ള സേവനങ്ങള്‍ ഫ്‌ളിക്‌സ് ബസ് ആരംഭിക്കുമെന്നണ് പ്രതീക്ഷിക്കുന്നത്. കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്ന് ബംഗളൂരു നഗരത്തെ ലക്ഷ്യമാക്കിയായിരിക്കും ആദ്യ സര്‍വീസ്. രണ്ട് റൂട്ടുകളിലായി നാല് ബസുകളുമായാണ് കമ്പനി സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ബംഗളൂരു-കൊച്ചി, ബംഗളൂരു-ആലപ്പുഴ എന്നിവയായിരിക്കും റൂട്ടുകള്‍.

Signature-ad

ഫ്‌ളിക്‌സ് ബസ് സര്‍വീസ് ആരംഭിക്കുന്നതോടെ കുറഞ്ഞ ചെലവില്‍ ഇനി ബംഗളൂരു യാത്ര സാദ്ധ്യമാക്കാം. നിലവില്‍ സ്വാകാര്യ ബസുകള്‍ ഈ റൂട്ടില്‍ കഴുത്തറുപ്പന്‍ നിരക്കാണ് ഈടാക്കുന്നത്. കൊച്ചി, ആലപ്പുഴ, തൃശൂര്‍, പാലക്കാട് തുടങ്ങിയ പ്രധാന നഗരങ്ങളിലായിരിക്കും കമ്പനിയുടെ പ്രാഥമിക ശ്രദ്ധയെന്ന് വിപുലീകരണത്തെക്കുറിച്ച് സംസാരിച്ച ഫ്‌ളിക്‌സ് ബസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ സൂര്യ ഖുറാന പറഞ്ഞു.

ഔദ്യോഗികമായ കരാറുകളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പങ്കാളിത്തം രൂപീകരിക്കുന്നതിനായി ഫ്‌ളിക്‌സ് ബസ് നിലവില്‍ നിരവധി പ്രാദേശിക ബസ് ഓപ്പറേറ്റര്‍മാരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. സര്‍വീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രമോഷനുകളൊന്നും ഉണ്ടാവില്ലെന്നും തുടക്കം മുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി മത്സരാധിഷ്ഠിത നിരക്കുകള്‍ നിലനിര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഖുറാന വ്യക്തമാക്കി.

ദക്ഷിണേന്ത്യയിലേക്ക്

ബംഗളൂരുവില്‍ നടന്ന ഫ്‌ളാഗ് ഓഫ് ചടങ്ങിനിടെ, ദക്ഷിണേന്ത്യയിലുടനീളമുള്ള 33 നഗരങ്ങളെ ബന്ധിപ്പിച്ച് കമ്പനി ആറ് പുതിയ റൂട്ടുകള്‍ അവതരിപ്പിച്ചിരുന്നു. 101 നഗരങ്ങളിലായി 200 റൂട്ടുകളിലാണ് ഫ്‌ളിക്‌സ് ബസ് സര്‍വീസ് നടത്തുന്നത്. ദക്ഷിണേന്ത്യയിലേക്ക് പുതിയ റൂട്ടുകള്‍ പ്രഖ്യാപിച്ചതോടെ കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലായി ഇതുമാറി. ബംഗളൂരുവില്‍ നിന്ന് ചെന്നൈ, ഹൈദരാബാദ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കുള്ള ഉദ്ഘാടന റൂട്ടുകള്‍ പ്രഖ്യാപിച്ചത്.

കമ്പനിയുടെ ലോഞ്ചിന്റെ അടിസ്ഥാനത്തില്‍ 99 രൂപ നിരക്കില്‍ പരിമിതകാല പ്രമോഷന്‍ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്തിരുന്നു. സെപ്തംബര്‍ 3 മുതല്‍ 15 വരെ നീണ്ടുനിന്ന ഓഫര്‍ ജനകീയ ശ്രദ്ധ ആകര്‍ഷിച്ചു. ദക്ഷിണേന്ത്യയില്‍ വിന്യസിച്ചിരിക്കുന്ന ബസുകള്‍ ബിഎസ് 6 എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്, ഇത് മലിനീകരണം ഗണ്യമായി കുറയ്ക്കുന്നു. എബിഎസ്, ഇഎസ്സി, 2പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്ന ഈ ബസുകള്‍ യാത്രക്കാര്‍ക്ക് ഉയര്‍ന്ന സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നു.

 

 

Back to top button
error: