ലഖ്‌നൗ: പ്രായം കുറക്കാന്‍ ഇസ്രയേല്‍ നിര്‍മ്മിത ടൈം മെഷീന്‍ എത്തിക്കാം എന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്നായി ദമ്പതിമാര്‍ പണം തട്ടിയതായി പരാതി. ഉത്തര്‍പ്രദേശിലാണ് സംഭവം. പറ്റിക്കപ്പെട്ടവരില്‍ കൂടുതല്‍ പേരും പ്രായമുള്ളവരാണ്. 35 കോടിയോളം രൂപ ഇവര്‍ ഇത്തരത്തില്‍ തട്ടിയെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
രാജീവ് ദുബെയും ഭാര്യ രഷ്മി ദുബെയുമാണ് കാണ്‍പുരിലെ കിദ്വായി നഗറില്‍ തെറാപ്പി സെന്റര്‍ ആരംഭിച്ചത്. ഇസ്രയേലില്‍ നിന്ന് ടൈം മെഷീന്‍ എത്തിക്കുമെന്നും ഇതില്‍ കൂടി 60 വയസുകാര്‍ക്ക് 25 വയസുകാരാമെന്നും ഇവര്‍ പറഞ്ഞിരുന്നു. ഓക്‌സിജന്‍ തെറാപ്പിയിലൂടെ ചെറുപ്പം നിലനിര്‍ത്തിത്തരാമെന്നും ഇവര്‍ വാഗ്ദാനം ചെയ്തിരുന്നതായി പോലീസ് പറയുന്നു.
വായു മലിനീകരണം കാരണം പ്രദേശത്തെ ആളുകള്‍ക്ക് വയസായി വരികയാണെന്നും ഓക്‌സിജന്‍ തെറാപ്പി നല്‍കുന്നതിലൂടെ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ചെറുപ്പമാകാമെന്നും പറഞ്ഞ് ഇവര്‍ പ്രദേശവാസികളെ പറ്റിക്കുകയായിരുന്നു.
സെഷനുകളായിട്ടായിരുന്നു ഇവരുടെ പാക്കേജ്. 10 സെഷനുകള്‍ക്ക് 6000 രൂപയായിരുന്നു. മൂന്നുവര്‍ഷത്തേക്ക് ആനുകൂല്യത്തോടെ 90,000 രൂപയുമായിരുന്നു ഇവര്‍ ഈടാക്കിയിരുന്നതെന്ന് പോലീസിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു.
തട്ടിപ്പിനിരയായ രേണു സിങ് ആണ് പോലീസില്‍ പരാതി നല്‍കിയത്. 10.75 ലക്ഷം രൂപയാണ് തന്നില്‍ നിന്ന് തട്ടിയതെന്നാണ് രേണു സിങ് ആരോപിക്കുന്നത്. നൂറുകണക്കിനാളുകളുടെ 35 കോടിയോളം രൂപ ഇവര്‍ ഇത്തരത്തില്‍ തട്ടിയെടുത്തെന്ന് പരാതിക്കാരി ആരോപിച്ചു. പരാതിയില്‍ പോലീസ് ഭാരതീയ ന്യായ് സംഹിത പ്രകാരം സെക്ഷന്‍ 318 (4) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദമ്പതിമാര്‍ നിലവില്‍ ഒളിവിലാണെന്നാണ് വിവരം.