KeralaNEWS

കോടിയേരിയോട് കാട്ടിയത് അനാദരമോ? സിപിഎം സമ്മേളനങ്ങളില്‍ ചര്‍ച്ചയാകും

കണ്ണൂര്‍: മുന്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന് മരണാനന്തരം അര്‍ഹമായ ആദരം നല്‍കിയോയെന്ന ചോദ്യം സിപിഎം സമ്മേളന ചര്‍ച്ചകളിലേക്ക്. കോടിയേരിയുടെ വേര്‍പാടിനു ശേഷം നടക്കുന്ന ആദ്യ സമ്മേളനങ്ങളില്‍ ഇതു ചര്‍ച്ചയാകണമെന്നു ലക്ഷ്യമിട്ടാണ് പി.വി.അന്‍വര്‍ എംഎല്‍എ വിഷയം എടുത്തിട്ടതെന്നാണു വിലയിരുത്തല്‍. കോടിയേരിയുടെ രണ്ടാം ചരമവാര്‍ഷികദിനം അടുത്ത ചൊവ്വാഴ്ച നടക്കാനിരിക്കെ, ഈ ചര്‍ച്ചകള്‍ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണു സിപിഎം നേതൃത്വം.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും വിദേശ പര്യടനത്തിനു പോകാനുള്ളതിനാല്‍ കോടിയേരിക്ക് അര്‍ഹമായ വിധത്തിലുള്ള വിലാപയാത്ര ഒഴിവാക്കി സംസ്‌കാരം ധൃതിപ്പെട്ടു നടത്തിയെന്ന വികാരം സിപിഎമ്മിലുണ്ടെന്നാണ് അന്‍വര്‍ വെളിപ്പെടുത്തിയത്. ഈ അഭിപ്രായം കോടിയേരി അന്തരിച്ച സമയത്ത് ഉയര്‍ന്നിരുന്നെങ്കിലും കാര്യമായി ചര്‍ച്ചചെയ്യപ്പെട്ടിരുന്നില്ല. ആഭ്യന്തര വകുപ്പിനെതിരെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെയും അതുവഴി മുഖ്യമന്ത്രിക്കെതിരെയും ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കു മൂര്‍ച്ച കൂട്ടാനാണ് അന്‍വറിന്റെ ശ്രമം.

Signature-ad

2022 ഒക്ടോബര്‍ ഒന്നിനു ചെന്നൈ ആശുപത്രിയില്‍ അന്തരിച്ച കോടിയേരിയുടെ മൃതദേഹം കണ്ണൂര്‍ വിമാനത്താവളം വഴി തലശ്ശേരിയിലും കോടിയേരിയുടെ വീട്ടിലും തുടര്‍ന്ന് കണ്ണൂരിലുമെത്തിച്ചു സംസ്‌കരിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരത്തെത്തിച്ച് എകെജി സെന്ററില്‍ പൊതുദര്‍ശനവും പിന്നീടു കണ്ണൂരിലേക്കു വിലാപയാത്രയും വേണമെന്ന അഭിപ്രായമുള്ളവര്‍ ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ താല്‍പര്യത്തിനു പാര്‍ട്ടി നേതൃത്വം വഴങ്ങുകയായിരുന്നെന്നാണ് അന്‍വര്‍ പറഞ്ഞതിന്റെ അര്‍ഥം.

അന്‍വര്‍ ഉയര്‍ത്തിവിട്ട ഈ വിഷയം ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍നിന്നു മുഖ്യമന്ത്രിയെയും പി.ശശിയെയും രക്ഷപ്പെടുത്തിയെടുക്കാന്‍ സിപിഎം നേതൃത്വം കിണഞ്ഞു ശ്രമിക്കുകയാണ്. സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ അന്‍വറിന്റെ വെളിപ്പെടുത്തലുകളെ പിന്തുണയ്ക്കുന്നതാണു വെല്ലുവിളി. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ ഫെയ്‌സ്ബുക് പേജില്‍ പോലും അവര്‍ തങ്ങളുടെ വികാരം പ്രകടിപ്പിക്കുന്നു. എന്നാല്‍, അന്‍വര്‍ പറയുന്നതൊന്നും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങളല്ലെന്ന നിലപാടാണ് നേതൃത്വം സ്വീകരിക്കുന്നത്. ഈ വൈരുധ്യം സമ്മേളനങ്ങളിലും പ്രകടമായാല്‍ രൂക്ഷമായ വിമര്‍ശനം മുഖ്യമന്ത്രിക്കും ശശിക്കുമെതിരെ ഉയര്‍ന്നേക്കാം. ആരോപണവിധേയരെ സംരക്ഷിക്കാന്‍ മുതിര്‍ന്നാല്‍ പാര്‍ട്ടിയില്‍ നേതാക്കളേയുണ്ടാകൂ, അണികള്‍ ഉണ്ടാകില്ലെന്ന സന്ദേശമാണ് അന്‍വര്‍ നല്‍കിയത്.

Back to top button
error: