Fiction

തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത ദാനം, അതിൽപ്പരം ആഹ്ലാദം വേറെന്തുണ്ട്…?

വെളിച്ചം

    യാത്രാമധ്യേ നദീതീരത്ത് നിന്ന് ആ സ്ത്രീക്ക് തിളങ്ങുന്ന ഒരു കല്ല് കിട്ടി. അവര്‍ അതെടുത്ത് തന്റെ ബാഗിലിട്ടു. യാത്ര തുടരുന്നതിനിടെ ഒരാള്‍ അവരോട് കഴിക്കാന്‍ എന്തെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചു. കൈവശമുള്ള ഭക്ഷണം പങ്കുവെയ്ക്കാനായി അവര്‍ ബാഗ് തുറന്നപ്പോള്‍ അയാള്‍ തിളക്കമുളള ആ കല്ല് കണ്ടു. അത് വളരെ മൂല്യമുളളതാണെന്ന് തിരിച്ചറിഞ്ഞ അയാള്‍ ഈ കല്ല് തനിക്ക് തന്നേക്കാമോ എന്ന് ചോദിച്ചു. ഒരു നിമിഷം പോലും മടിക്കാതെ അവര്‍ ആ കല്ല് അയാളെ ഏല്‍പ്പിച്ചു.  ആ കല്ലിന്റെ ബലത്തില്‍ പടുത്തുയര്‍ത്താവുന്ന സമൃദ്ധമായ ജീവിതം സ്വപ്നംകണ്ട് അയാള്‍ സ്ഥലം വിട്ടു. ഏതാനും ദിവസം കഴിഞ്ഞ് അയാള്‍ ആ സ്ത്രീയെ കാണാനെത്തി.  അയാള്‍ പറഞ്ഞു:

Signature-ad

“ആ കല്ല് തിരിച്ചു തരാനാണ് ഞാന്‍ വന്നത്…”

“എന്തിനാണത് തിരിച്ചുതരുന്നത്.    വളരെ സന്തോഷത്തോടെയാണ് ഞാന്‍ താങ്കള്‍ക്കത് നല്‍കിയത്,  വളരെ വിലപിടിപ്പുളളതാണത്…”
അവര്‍ പറഞ്ഞു.

“ഉവ്വ്… അതിന്റെ മൂല്യം എനിക്കറിയാം.  എന്നാലും എനിക്കത് തിരിച്ചു തരണം.  ഇതിനേക്കാള്‍ മൂല്യമുളള മറ്റൊന്ന് നിങ്ങളുടെ പക്കലുണ്ട്.  അതെനിക്ക് തരണം”
അയാള്‍ പറഞ്ഞു.

“നിങ്ങള്‍ക്ക് എന്ത് വേണമെന്നാണ് പറയുന്നത്…”
അവര്‍ ചോദിച്ചു.

“വിലപിടിപ്പുളള ഈ കല്ല് ഒരു മടിയുമില്ലാതെ എനിക്ക് നല്‍കാന്‍ പ്രേരിപ്പിച്ച ആ വികാരമുണ്ടല്ലോ.. അത് എനിക്ക് തരുമോ…?”

അപ്പോള്‍ അവര്‍ ചിരിച്ചു കൊണ്ടു പറഞ്ഞു:

“ദാനമായി നല്‍കുന്നതിൻ്റെ
ആനന്ദമാണ് അത്…  തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുളള നല്‍കലിന്റെ ആനന്ദം…”

അത് അളവറ്റതാണ്.  നല്‍കുന്നത് എത്ര ചെറിയ വസ്തുവാണെങ്കിലും അതിലൊരു ആനന്ദം ഒളിഞ്ഞിരിപ്പുണ്ട്. ഈ  ആനന്ദം നമുക്ക് ശീലമാക്കാം. നമുക്ക് നമ്മെ പുതുക്കിയെടുക്കാം.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപുകുമാർ

Back to top button
error: