തിരുവനന്തപുരം: മിന്നല്‍, സൂപ്പര്‍ ഫാസ്റ്റ് അടക്കമുള്ള ടിക്കറ്റ് നിരക്ക് കൂടുതലുള്ള ബസുകളെ കുറഞ്ഞ നിരക്കുള്ള ബസുകള്‍ ഒരു കാരണവശാലും മറികടക്കരുതെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്. സൂപ്പര്‍ഫാസ്റ്റ് ഹോണ്‍ മുഴക്കിയാല്‍ ഫാസ്റ്റ്, ഓര്‍ഡിനറി ബസുകള്‍ വഴികൊടുക്കണമെന്നാണ് ഉത്തരവില്‍ നിര്‍ദേശിക്കുന്നത്.
ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല കണ്ടക്ടര്‍മാര്‍ക്കും ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിവേഗം സുരക്ഷിതമായി നിര്‍ദിഷ്ട സ്ഥലങ്ങളില്‍ എത്തുന്നതിനാണ് കൂടുതല്‍ ടിക്കറ്റ് നിരക്ക് നല്‍കി യാത്രക്കാര്‍ ഉയര്‍ന്ന ശ്രേണിയില്‍പ്പെട്ട ബസുകളെ തെരഞ്ഞെടുക്കുന്നതെന്ന് ജീവനക്കാര്‍ മറക്കരുത്. അതുകൊണ്ടു തന്നെ റോഡില്‍, അനാവശ്യ മത്സരം വേണ്ടെന്നും കെഎസ്ആര്‍ടിസി എം ഡി ഉത്തരവില്‍ വ്യക്തമാക്കുന്നു,
ഇക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തിയില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. താഴ്ന്ന ശ്രേണിയില്‍പ്പെട്ട ബസുകള്‍ മിന്നല്‍ അടക്കമുള്ള ഉയര്‍ന്ന ടിക്കറ്റ് നിരക്കുള്ള ബസുകള്‍ക്ക് വശം നല്‍കാതിരുന്നതും മത്സരിച്ച് മറികടക്കുന്നതുമായ ധാരാളം പരാതികള്‍ ലഭിച്ചിരുന്നു. പരാതി വ്യാപകമായതോടെയാണ്, ‘അമ്മാതിരി ഓവര്‍ടേക്കിങ്’ വേണ്ടെന്ന് കര്‍ശന നിര്‍ദേശവുമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് രം?ഗത്തെത്തിയത്.