KeralaNEWS

സിദ്ധാര്‍ഥന്റെ മരണം: സസ്‌പെന്‍ഷനിലായിരുന്ന ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും സര്‍വീസില്‍ തിരിച്ചെടുത്തു

തിരുവനന്തപുരം: കല്‍പറ്റ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ടു സസ്‌പെന്‍ഷനിലായിരുന്ന ഡീന്‍ എം.കെ.നാരായണന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ.കാന്തനാഥന്‍ എന്നിവരെ സര്‍വീസില്‍ തിരിച്ചെടുത്തു. തിരുവാഴംകുന്ന് കോളജ് ഓഫ് ഏവിയന്‍ സയന്‍സ് ആന്‍ഡ് മാനേജ്‌മെന്റിലാണ് ഇരുവര്‍ക്കും നിയമനം നല്‍കിയത്. സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായതോടെയാണു നിയമനം സാധ്യമായത്.

ചൊവ്വാഴ്ച സര്‍വകലാശാലയില്‍ ചേര്‍ന്ന മാനേജ്‌മെന്റ് കൗണ്‍സില്‍ യോഗമാണ് സസ്‌പെന്‍ഷന്‍ നീട്ടേണ്ടെന്നു തീരുമാനിച്ചത്. മാനേജ്‌മെന്റ് കൗണ്‍സില്‍ അംഗങ്ങളായ വൈസ് ചാന്‍സലര്‍ കെ.എസ്.അനില്‍, ടി.സിദ്ദിഖ് എംഎല്‍എ, ഫാക്കല്‍റ്റി ഡീന്‍ കെ.വിജയകുമാര്‍, അധ്യാപക പ്രതിനിധി പി.ടി.ദിനേശ് എന്നിവര്‍ തീരുമാനത്തില്‍ വിയോജിപ്പറിയിച്ചു. അച്ചടക്കനടപടികളിലേക്കു കടക്കണമെന്നാണു നാലുപേരും ശുപാര്‍ശ ചെയ്തത്. എന്നാല്‍ മറ്റ് 12 പേരുടെ പിന്തുണയോടെ സ്ഥലംമാറ്റ തീരുമാനം അംഗീകരിക്കുകയായിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നു ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ അച്ചടക്കനടപടികള്‍ക്കു മുതിരാതെ ഇരുവരെയും സ്ഥലംമാറ്റാന്‍ തീരുമാനിച്ചത്. ഭൂരിപക്ഷാഭിപ്രായം മാനിച്ചാണു തീരുമാനമെടുത്തതെന്ന് വൈസ് ചാന്‍സലര്‍ കെ.എസ്.അനില്‍ പറഞ്ഞു.

Signature-ad

കഴിഞ്ഞ ഫെബ്രുവരി 18 നാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ സിദ്ധാര്‍ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ഥന്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായിരുന്നു. സര്‍വകലാശാല നിയോഗിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിലും ഡീന്‍ എം.കെ. നാരായണനും അസിസ്റ്റന്റ് വാര്‍ഡന്‍ ആര്‍. കാന്തനാഥനും കുറ്റക്കാരാണെന്നു കണ്ടെത്തി. കഴിഞ്ഞ ഏഴുമാസമായി ഇരുവരും സസ്‌പെന്‍ഷനിലാണ്. ആറുമാസത്തെ സസ്‌പെഷന്‍ കാലാവധി അവസാനിച്ചപ്പോള്‍, ഇരുവര്‍ക്കും വീഴ്ചപറ്റിയെന്നും 45 ദിവസത്തിനുള്ളില്‍ മാനേജ്‌മെന്റ് കൗണ്‍സില്‍ ചേര്‍ന്ന് തുടര്‍ നടപടിയെടുത്തെന്ന് അറിയിക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാനേജ്‌മെന്റ് കൗണ്‍സില്‍ ചേര്‍ന്നത്. തുടര്‍ന്ന് സ്ഥലം മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

Back to top button
error: