ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ക്രൂ മെമ്പറായിരുന്ന സൂരജ് മന്‍ എന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ ‘ലേഡി ഡോണ്‍’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സ്ത്രീ പിടിയില്‍. ഗുണ്ടാനേതാവായ കാജല്‍ കത്രിയെ ആണ് ഡല്‍ഹി ക്രൈം ബ്രാഞ്ച് അറസ്റ്റുചെയ്തത്.
നോയിഡയിലെ ജിമ്മില്‍നിന്ന് പുറത്തിറങ്ങുകയായിരുന്ന സൂരജിനെ ബൈക്കിലെത്തിയ അക്രമി സംഘം ജനുവരി 19-നാണ് വെടിവെച്ചു കൊന്നത്. കൊലപാതകശേഷം ഒളിവില്‍ കഴിയുകയായിരുന്ന കാജലിന്റെ തലയ്ക്ക് പോലീസ് 25000 രൂപ വിലയിട്ടിരുന്നു.
ജയില്‍ കഴിയുന്ന ഗുണ്ടാനേതാവ് കപില്‍ മന്നുമായി 2019-ല്‍ തന്റെ വിവാഹം കഴിഞ്ഞതായി കാജല്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. വിവാഹശേഷം കപിലിന്റെ ഗുണ്ടാസംഘത്തിലെ സജീവ അംഗമായി കാജല്‍ മാറുകയായിരുന്നു.
ജയിലിലുള്ള തന്റെ സഹോദരനും ഗുണ്ടാ നേതാവുമായ പര്‍വേഷ് മന്നിന് വേണ്ടി സാമ്പത്തിക സഹായം ചെയ്തുകൊടുത്തത് സൂരജായിരുന്നു. കപില്‍ മന്നിന്റെ പിതാവിനെ കൊലപ്പെടുത്തിയ കേസിലാണ് പര്‍വേഷ് മന്‍ ജയിലില്‍ കഴിയുന്നത്.
സൂരജിന്റെ കൊലപാതകത്തിന് മുന്‍പ് ജയിലുള്ള കപിലിനെ കാജല്‍ സന്ദര്‍ശിച്ചെന്നും ഗൂഡാലോചന ആസൂത്രണം ചെയ്‌തെന്നും പോലീസ് വ്യക്തമാക്കി. ഗുണ്ടാ നിയമപ്രകാരം കാജലിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നോയിഡ ഡി.സി.പി മനീഷ് കുമാര്‍ മിശ്ര പറഞ്ഞു.