തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ പരാജയപ്പെട്ട 10 പേരെക്കൂടി പങ്കെടുപ്പിക്കാന്‍ അനുമതിനല്‍കി പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്തി. ഒരു ഉദ്യോഗസ്ഥന് ദിവസം 50 ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ പുതിയ നിര്‍ദേശപ്രകാരം കഴിയും. ടെസ്റ്റ് പരിഷ്‌കരണം നടക്കുന്നതിനുമുന്‍പ് 60 പേര്‍ക്കാണ് അനുമതിയുണ്ടായിരുന്നത്. നിയന്ത്രണമേര്‍പ്പെടുത്തിയതിന്റെ ഭാഗമായി അത് 40 ആയി കുറച്ചെങ്കിലും അപേക്ഷകരുടെ എണ്ണം കൂടുതലായതിനാല്‍ ഇളവുനല്‍കുകയായിരുന്നു.
ഡ്രൈവിങ് ടെസ്റ്റില്‍ ഇപ്പോള്‍ 45 ശതമാനം പേരാണ് വിജയിക്കുന്നത്. പരാജയപ്പെടുന്നവരുടെ എണ്ണം കൂടുതലായതിനാലാണ് വീണ്ടും അവസരം നല്‍കാന്‍ പ്രത്യേകസംവിധാനമുണ്ടാക്കിയത്. 30 പുതിയ അപേക്ഷകള്‍, വിദേശയാത്ര ഉള്‍പ്പെടെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 10 പേര്‍, തോറ്റ പത്തുപേര്‍ എന്നിങ്ങനെയാകും ഡ്രൈവിങ് ടെസ്റ്റിനുള്ള പുതിയ അനുപാതം.
ഗതാഗത വകുപ്പ് മന്ത്രിയായി കെ.ബി. ഗണേഷ് കുമാര്‍ എത്തിയതിന് പിന്നാലെയാണ് ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണം നടത്തിയത്. ആദ്യ നിര്‍ദേശം അനുസരിച്ച് ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും ചേര്‍ന്ന് ദിവസം 30 പേര്‍ക്കാണ് ടെസ്റ്റ് നടത്തേണ്ടത്. എന്നാല്‍, പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഒരു എം.വി.ഐക്ക് 40 പേര്‍ക്ക് ടെസ്റ്റ് നടത്താമെന്ന നിര്‍ദേശം പുറത്തിറക്കുകയായിരുന്നു.
ഈ നിര്‍ദേശത്തിന് പുറമെ, ടൂ വീലര്‍ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് കാലുപയോഗിച്ച് ഗിയര്‍മാറ്റുന്ന വാഹനങ്ങള്‍ മാത്രമാകും അനുവദിക്കുക. എം 80 പോലുള്ള നിര്‍മാണം നിര്‍ത്തിയ വാഹനങ്ങള്‍ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്നത് തടയുന്നതാണ് ഈ നിര്‍ദേശം. ഇതിനുപിന്നാലെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ ടെസ്റ്റിനായി മോട്ടോര്‍സൈക്കിളുകള്‍ എത്തിച്ച് തുടങ്ങിയിരുന്നു.