ബംഗളൂരു: ഫസ്റ്റ് ക്ലാസ് സീസണു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഗോവയ്ക്കായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് യുവതാരം അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍. ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയുടെ താരമായ അര്‍ജുന്‍ കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ നേടിയത് ഒന്‍പതു വിക്കറ്റ്. കര്‍ണാടകയിലെ ഡോ. കെ. തിമ്മപ്പയ്യ സ്മാരക ടൂര്‍ണമെന്റില്‍ കര്‍ണാടക ഇലവനെതിരെ 26.3 ഓവറുകള്‍ പന്തെറിഞ്ഞ അര്‍ജുന്‍ 87 റണ്‍സ് വഴങ്ങിയാണ് ഒന്‍പതു വിക്കറ്റുകള്‍ വീഴ്ത്തിയത്.
കര്‍ണാടകയുടെ അണ്ടര്‍ 19, അണ്ടര്‍ 23 താരങ്ങളാണ് പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നത്. നികിന്‍ ജോസ്, ശരത് ശ്രീനിവാസ് എന്നിവരായിരുന്നു കര്‍ണാടക ടീമിലെ പ്രധാന താരങ്ങള്‍. ആദ്യ ഇന്നിങ്‌സില്‍ 36.5 ഓവറുകളില്‍നിന്ന് 103 റണ്‍സെടുത്ത് കര്‍ണാടക പുറത്തായി. അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ 41 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റുകളാണ് ഒന്നാം ഇന്നിങ്‌സില്‍ സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങില്‍ ഗോവ ഉയര്‍ത്തിയത് 413 റണ്‍സ്. അഭിനവ് തേജ്റാണ (109) സെഞ്ചറി നേടിയപ്പോള്‍ മന്‍തന്‍ ഗുട്കര്‍ ഗോവയ്ക്കായി അര്‍ധ സെഞ്ചറിയും (69) സ്വന്തമാക്കി.
രണ്ടാം ഇന്നിങ്‌സില്‍ കര്‍ണാടക അടിച്ചെടുത്തത് 30.4 ഓവറില്‍ 121 റണ്‍സ്. രണ്ടാം ഇന്നിങ്‌സില്‍ 13.3 ഓവറുകള്‍ പന്തെറിഞ്ഞ അര്‍ജുന്‍ 46 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ വീഴ്ത്തി. മത്സരത്തില്‍ 189 റണ്‍സ് വിജയമാണ് ഗോവ സ്വന്തമാക്കിയത്. മുംബൈയുടെ താരമായിരുന്ന അര്‍ജുന്‍ കൂടുതല്‍ അവസരങ്ങള്‍ തേടിയാണ് ഗോവയിലേക്കു മാറിയത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍.
24 വയസ്സുകാരനായ അര്‍ജുന്‍ സീനിയര്‍ തലത്തില്‍ 49 മത്സരങ്ങളില്‍നിന്ന് 68 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസില്‍ 13 മത്സരങ്ങളുടെ ഭാഗമായ താരം 21 വിക്കറ്റുകളാണ് ഇതുവരെ നേടിയത്. യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്‌രാജ് സിങ്ങിനു കീഴിലാണ് അര്‍ജുന്‍ നേരത്തേ പരിശീലിച്ചിരുന്നത്.