ഹൈദരാബാദ്: തെന്നിന്ത്യന്‍ ഡാന്‍സ് കൊറിയോഗ്രാഫര്‍ ജാനി മാസ്റ്ററിനെതിരെ സഹപ്രവര്‍ത്തകയുടെ ലൈംഗിക ആരോപണം. ഡാന്‍സ് കോറിയോഗ്രാഫറായ 21 കാരി ജാനി മാസ്റ്ററിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ റായ്ദുര്‍ഗ് പോലീസ് എഫ്.ഐ.ആര് രേഖപ്പെടുത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സിനിമ ചിത്രീകരണത്തിനിടെ ചെന്നൈ, മുംബൈ, ഹൈദരാബാദ് മുതലായ സ്ഥലങ്ങളില്‍ വെച്ച് ജാനി മാസ്റ്റര്‍ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ നസ്രിങ്കിയിലുള്ള വസതിയില്‍ വെച്ചും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. തുടരന്വേഷണത്തിനായി റായ്ദുര്‍ഗ് പോലീസ് കേസ് നസ്രിങ്കി പോലീസിന് കൈമാറിയിട്ടുണ്ട്.
നേരത്തെയും ജാനി മാസ്റ്ററിന് എതിരെ പോലീസില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂണില്‍ ജാനി മാസ്റ്റര്‍ തന്നെ ഉപദ്രവിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതായി നര്‍ത്തകനായ സതീഷ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. പിന്നാലെ ആരോപണം നിഷേധിച്ച് ജാനി മാസ്റ്റര്‍ തന്നെ രംഗത്തെത്തിയിരുന്നു.