സഹോദരിമാരുമായി വഴക്കുണ്ടാക്കിയതിന് അമ്മ ശകാരിച്ചതിൻ്റെ പേരിൽ വീടുവിട്ടിറങ്ങിയ13കാരിയെ ഇതുവരെ കണ്ടെത്താനായില്ല. കുട്ടിയെ കാണാതായിട്ട് 24 മണിക്കൂർ തികയുന്നു. ഇന്നലെ രാവിലെയാണ് തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് അസം സ്വദേശികളുടെ മകൾ തസ്മീത്ത് തംസമിനെ കാണാതായത്. കണിയാപുരം സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ഈ കുട്ടി ബാഗും വസ്ത്രങ്ങളും സഹിതമാണ് പോയിരിക്കുന്നത്. 50 രൂപ മാത്രമാണ് തസ്മീത്തിൻ്റെ പക്കലുള്ളന്നു മാതാപിതാക്കൾ പറയുന്നു.
ഇന്നലെ ഉച്ചയ്ക്ക് പെൺകുട്ടി ബാംഗ്ലൂർ- കന്യാകുമാരി ട്രെയിനിൽ യാത്ര ചെയ്യുന്ന ചിത്രം ലഭിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ തമ്പാനൂരിൽ നിന്നാണ് കുട്ടി ട്രെയിനിൽ കയറിയത്. ട്രെയിനിൽ ഇരുന്നു കരയുന്ന പെൺകുട്ടിയെ കണ്ട് ബബിത എന്ന യാത്രക്കാരിയാണ് ഫോട്ടോ എടുത്തത്. പിന്നീട് പെൺകുട്ടിയെ കാണാതായ വാർത്ത അറിഞ്ഞതോടെ സംശയം തോന്നി ഫോട്ടോ പൊലീസിനു കൈമാറി. പെൺകുട്ടി കന്യാകുമാരി ഭാഗത്തേക്കാണ് പോയത്. പെൺകുട്ടിയെ കണ്ടതായി കന്യാകുമാരിയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ പറഞ്ഞു. 4 മണിക്ക് കന്യാകുമാരിയിലെത്തി എന്നാണ് ഓട്ടോറിക്ഷക്കാർ പൊലീസിനോട് പറഞ്ഞത്. പൊലീസ് റെയിൽവേ പരിസരത്ത് അന്വേഷിക്കുന്നു. കഴക്കൂട്ടം എസ്ഐ, ഒരു വനിതാ എസ്ഐ എന്നിവർ ഉൾപ്പെടെയുള്ള പൊലീസ് സംഘമാണ് അന്വേഷിക്കുന്നത്. തമിഴ്നാട് പൊലീസും തെരച്ചിൽ നടത്തുന്നുണ്ട്.
ഉച്ചയ്ക്ക് 12 മണി വരെയുള്ള സിസിടിവി ദൃശ്യങ്ങൾ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഇതിൽ 3 കിലോമീറ്റർ ദൂരം കുട്ടി സഞ്ചരിച്ച ദൃശ്യങ്ങൾ ലഭ്യമാണ്. കഴക്കൂട്ടത്ത് നിന്ന് ചാക്ക ഭാഗത്തേക്ക് കുട്ടി നടന്നു പോകുന്നതാണ് കാണുന്നത്. ഇത് മകള്‍ തന്നെയാണെന്ന് മാതാപിതാക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ 10 മണി മുതലാണു കുട്ടിയെ കാണാതായത്. കുട്ടിയുണ്ടെന്നു ധാരണയിൽ തിരുവനന്തപുരത്തു നിന്നു അസമിലേക്കുള്ള അരോണയ് എക്സ്പ്രസ് ട്രെയിൻ പാലക്കാട് സ്റ്റേഷനിൽ എത്തിയതിനെ തുടർന്ന് പൊലീസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്താനായില്ല. ഏറെ നേരം ട്രെയിന്‍ പിടിച്ചിട്ടായിരുന്നു പരിശോധന.
ഇടയ്ക്ക് ഇതുപോലെ വഴക്കിട്ട് പുറത്തുപോകുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്ന് കുട്ടിയുടെ മാതാവ് പറയുന്നു. വിവരം കിട്ടുന്നവർ 9497960113 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഈ പെൺ കുട്ടിക്കായുള്ള തിരച്ചിലിനിടെ തിരുപ്പൂരിൽ നിന്നു കാണാതായ മറ്റൊരു കുട്ടിയെ തൃശൂരിൽ നിന്ന് പൊലീസ് കണ്ടെത്തി.