പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് പാര്‍ട്ടിയുടെ താക്കീത്. കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് ആയ കെ.കെ.ശ്രീധരനാണ് താക്കീത്. മന്ത്രിയുടെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് ഇടപെട്ട് കിഫ്ബി റോഡ് നിര്‍മാണത്തില്‍ ഓടയുടെ ഗതി മാറ്റിച്ചെന്ന് ശ്രീധരന് മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് ഓടയുടെ നിര്‍മാണത്തിന്റെ ഗതി ജോര്‍ജ് ജോസഫ് മാറ്റുന്നതായി ശ്രീധരന് ആരോപിച്ചത്.
പത്തനംതിട്ട ഏഴംകുളം കൈപ്പട്ടൂര്‍ റോഡില്‍ കൊടുമണ്‍ സ്റ്റേഡിയത്തിന് സമീപമുള്ള കെട്ടിടം സംരക്ഷിക്കാന്‍ സംസ്ഥാന പാതയുടെ ഓടയുടെ അലൈന്മെന്റില് മാറ്റം വരുത്തിയതായി കോണ്‍ഗ്രസും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. 12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡില്‍ ഓട നിര്‍മാണത്തിന്റെ ഗതിമാറ്റിയാല്‍ റോഡിന്റെ വീതി കുറയുമെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.നാല്പതുകോടി രൂപ ചെലവിട്ടാണ് റോഡ് നിര്‍മാണം നടക്കുന്നത്.