CrimeNEWS

കൊല്‍ക്കത്ത പീഡനത്തില്‍ ഒന്നിലേറെ പ്രതികള്‍? ഹൈക്കോടതിയില്‍ സംശയം അറിയിച്ച് ഡോക്ടറുടെ മാതാപിതാക്കള്‍

കൊല്‍ക്കത്ത: ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ഒന്നിലേറെ പ്രതികളുണ്ടോയെന്ന സംശയം ബലപ്പെടുന്നു. ശരീരത്തില്‍ കണ്ടെത്തിയ ബീജത്തിന്റെ അളവ് സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ള വിവരങ്ങളാണ് സംശയത്തിനു കാരണം. കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ ഇക്കാര്യം ഹൈക്കോടതിയില്‍ അറിയിച്ചു.

അറസ്റ്റിലായ സഞ്ജയ് റോയിക്കു പുറമേ ആരെങ്കിലും കുറ്റകൃത്യത്തില്‍ പങ്കാളിയാണോ എന്നായിരിക്കും ഇന്നലെ കേസ് ഏറ്റെടുത്ത സിബിഐ പ്രധാനമായും അന്വേഷിക്കുക. എന്തുകൊണ്ട് ആദ്യം ആത്മഹത്യയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, കോളജ് അധികൃതര്‍ക്കു പങ്കുണ്ടോ, കൊലയ്ക്കുശേഷം എന്തുകൊണ്ട് അധികൃതര്‍ നേരിട്ടു പരാതി നല്‍കിയില്ല തുടങ്ങിയ കാര്യങ്ങളും സിബിഐ അന്വേഷിക്കും. എന്നാല്‍, ആത്മഹത്യയെന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നാണ് പൊലീസിന്റെ വാദം.

Signature-ad

റോയ് മാത്രമാണ് കൊലയ്ക്കുപിന്നിലെന്നാണ് ബംഗാള്‍ സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. ശരീരത്തിലേറ്റ പരുക്കുകളുടെ വ്യാപ്തി നോക്കുമ്പോള്‍ കൂട്ടബലാല്‍സംഗം സംശയിക്കണമെന്നു ഡോക്ടറുടെ മാതാപിതാക്കള്‍ക്കൊപ്പം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ട ഡോ. സുബര്‍ണ ഗോസ്വാമി പറഞ്ഞു. സിപിഎം അനുകൂല സംഘടനയായ ജോയിന്റ് ഫോറം ഓഫ് ഡോക്ടേഴ്‌സ് അംഗമാണ് ഡോ.സുബര്‍ണ.

ഡോക്ടര്‍മാരുടെ സംഘടനകളില്‍ ഫെഡറേഷന്‍ ഓഫ് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ സമരം പിന്‍വലിച്ചെങ്കിലും ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെടെ സമരം തുടരുകയാണ്.

 

Back to top button
error: