IndiaNEWS

ഇന്ന് 78-ാം സ്വാതന്ത്ര്യ ദിനം, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ  പോരാട്ട വഴികളും ചരിത്രപരമായ പ്രാധാന്യവും അറിയാം

   രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധനചെയ്യും. വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം. 6000 പേർ പ്രത്യേക അതിഥികളായി ചടങ്ങിൽ പങ്കെടുക്കും. യുവാക്കളും, വിദ്യാർഥികളും ഗോത്രവിഭാഗത്തിൽപ്പെട്ടവരും, കർഷകരും, സ്ത്രീകളുമെല്ലാം ഈ  അതിഥികളുടെ കൂടെയുണ്ട്. പാരിസ് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.

ഇന്ത്യക്ക് 1947ല്‍  സ്വാതന്ത്ര്യം നേടാന്‍ സാധിച്ചത് നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ്. ഇന്ന് നാംഅനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം പലരും ജീവന്‍ വെടിഞ്ഞതിന്റെ ഫലമായി ലഭിച്ചതാണ്. ബ്രിട്ടിഷ് ആധിപത്യത്തില്‍ നിന്നും മോചനം നേടുന്നതിനുവേണ്ടി ഇന്ത്യയില്‍ പല ഭാഗത്തായി വിവിധ സമരങ്ങള്‍ നടന്നു. ഈ സമരങ്ങളെല്ലാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായിരുന്നു.

Signature-ad

ഇന്ത്യയില്‍ കച്ചവടം ലക്ഷ്യമിട്ടാണ് ബ്രിട്ടീഷുകാര്‍ എത്തിയത്. എന്നാല്‍ പിന്നീട് ഇന്ത്യയുടെ ഭരണം കൈക്കലാക്കുക എന്നതായി അവരുടെ പ്രധാന ലക്ഷ്യം. അനുകൂല സാഹചര്യങ്ങള്‍ ചൂഷണം ചെയ്ത് അവര്‍ ഭരണം പിടിച്ചെടുത്തു. ഇതിനെതിരെ 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ ചെറിയ സമരങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.

 ബ്രിട്ടീഷുകാരുടെ ആധിപത്യത്തിന് തുടക്കം കുറിച്ച 1757 ലെ പ്ലാസി യുദ്ധം മുതല്‍ ആരംഭിച്ച് 1857ലെ ശിപായി ലഹളയും 1947 ലെ ഐതിഹാസികമായ സ്വാതന്ത്ര്യ പ്രഖ്യാപനവും എല്ലാം ഓരോ ഭാരതീയനെയും രാജ്യത്തോട് ചേര്‍ത്തു നിര്‍ത്തുന്ന ഓര്‍മകളാണ്.

ഏകദേശം 200 വര്‍ഷത്തെ ബ്രിട്ടീഷ് ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് 1947 ആഗസ്റ്റ് 15 ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഒട്ടനവധി ജീവനുകള്‍ ബലി നല്‍കേണ്ടി വന്നു. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങള്‍ക്ക് നേരിടേണ്ടി വന്ന വെല്ലുവിളികള്‍ ചെറുതൊന്നുമായിരുന്നില്ല.

ഇന്ത്യയിലെ ദരിദ്രരായ ജനങ്ങളെ വിമോചനപ്പോരാട്ടത്തിന് മുന്നില്‍ നിന്ന് നയിക്കുകയും അവര്‍ക്ക് പുതിയ വഴി തെളിയിച്ചുകൊടുക്കുകയും ചെയ്ത യുഗപുരുഷന്‍ എന്ന നിലയിലാണ് മഹാത്മാഗാന്ധി എന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ ചരിത്രം രേഖപ്പെടുത്തുന്നത്.

ബാപ്പുജി, ഗാന്ധിജി എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു. അഹിംസയുടെ ആള്‍രൂപമാണ് അദ്ദേഹം. സമ്പന്ന കുടുംബംത്തില്‍ ജനിച്ച അദ്ദേഹം പാവങ്ങളുടെ കൂടെയാണ് ജീവിച്ചത്. ഒടുവില്‍ രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നു.

ഗാന്ധിജിക്കൊപ്പം ജവഹര്‍ലാല്‍ നെഹ്റു, സുബാഷ് ചന്ദ്ര ബോസ്, ഭഗത് സിംഗ്,  ചന്ദ്ര ശേഖര്‍ ആസാദ്, ബാല ഗംഗാധര തിലകന്‍, ഗോപാല കൃഷ്ണ ഗോഖലെ തുടങ്ങി ഒട്ടനവധി നേതാക്കളും ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം നേടാന്‍ മുന്നില്‍ നിന്നു പ്രയത്നിച്ചു.

ദേശീയഗാനം

സ്വാതന്ത്ര്യം ലഭിച്ച 1947 ല്‍ ഇന്ത്യയ്ക്ക് സ്വന്തമായി ദേശീയഗാനം ഇല്ലായിരുന്നു. രവീന്ദ്രനാഥ ടാഗോര്‍ 1911ല്‍ രചിച്ച ‘ഭരോടോ ഭാഗ്യോ ബിധാതാ’ എന്ന ഗാനം ‘ജന്‍ ഗണ മന’ എന്ന് പുനര്‍നാമകരണം ചെയ്യുകയും 1950 ജനുവരി 24 ന് ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി ഇതിനെ ദേശീയഗാനമായി അംഗീകരിക്കുകയും ചെയ്തു.

വന്ദേ മാതരം

രാജ്യത്തിന്റെ ദേശീയ ഗീതമായ വന്ദേ മാതരം യഥാര്‍ത്ഥത്തില്‍ ഒരു നോവലില്‍ നിന്നുമാണ് എടുത്തത്. ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച ഈ ഗീതം അദ്ദേഹത്തിന്റെ  ‘ആനന്ദമഠം’ എന്ന നോവലിന്റെ ഭാഗമായിരുന്നു. 1880 കളില്‍ ആയിരുന്നു ഇത് എഴുതിയത്, 1896 ല്‍ രവീന്ദ്രനാഥ ടാഗോറാണ് ഈ ഗാനം ആദ്യമായി ആലപിച്ചത്. വന്ദേമാതരം 1950 ജനുവരി 24 ന് ദേശീയ ഗാനമായി അംഗീകരിക്കപ്പെട്ടു.

റാഡ് ക്ലിഫ് ലൈന്‍

പഞ്ചാബിലെയും ബംഗാളിലെയും പാകിസ്ഥാന്‍, ഇന്ത്യന്‍ ഭാഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി സര്‍ സിറിള്‍ റാഡ് ക്ലിഫ് വരച്ച അതിര്‍ത്തി രേഖയായ റാഡ് ക്ലിഫ് ലൈന്‍ 1947 ഓഗസ്റ്റ് 3നാണ് പൂര്‍ത്തിയായത്. എന്നാല്‍ ഇന്ത്യ ഔദ്യോഗികമായി അത് പ്രസിദ്ധീകരിച്ചത് 1947 ആഗസ്റ്റ് 17 നായിരുന്നു. അതായത് ഇന്ത്യ സ്വാതന്ത്ര്യം നേടി 2 ദിവസങ്ങള്‍ക്കു ശേഷം.

ദേശീയ പതാക

ഇന്ത്യയുടെ ഇപ്പോഴത്തെ ദേശീയ പതാകയുടെ ആദ്യ വകഭേദം രൂപകല്‍പന ചെയ്തത് 1921 ല്‍ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന പിംഗലി വെങ്കയ്യ ആയിരുന്നു. കുങ്കുമവും വെള്ളയും പച്ചയും നിറങ്ങളും മധ്യത്തില്‍ അശോക് ചക്രവുമുള്ള പതാക 1947 ജൂലൈ 22 ന് ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയും ആഗസ്റ്റ് 15 ന് ഉയര്‍ത്തുകയും ചെയ്തു. കര്‍ണാടകയിലെ ധാര്‍വാഡില്‍ സ്ഥിതി ചെയ്യുന്ന കര്‍ണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘത്തിന് മാത്രമാണ് ഇന്ത്യന്‍ പതാക നിര്‍മിക്കാനും വിതരണം ചെയ്യാനും അവകാശമുള്ളത്.

ഇന്ത്യയോട് ഏറ്റവും അവസാനം ചേര്‍ന്ന ഗോവ

1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷവും ഗോവ ഒരു പോര്‍ച്ചുഗീസ് കോളനിയായി തന്നെ നിലനിന്നു. സ്വാതന്ത്ര്യം നേടി വര്‍ഷങ്ങള്‍ക്ക് ശേഷം  1961 ല്‍ ആണ് ഗോവ ഇന്ത്യന്‍ സൈന്യം രാജ്യത്തോട് കൂട്ടിച്ചേര്‍ത്തത്. അങ്ങനെ, ഇന്ത്യന്‍ പ്രദേശത്ത് അവസാനമായി ചേര്‍ന്ന സംസ്ഥാനമായി ഗാവ.

Back to top button
error: