എറണാകുളം: പുഴയില്‍ ചാടി മരിക്കാന്‍ തീരുമാനിച്ച് എത്തിയ യുവാവ് മദ്യ ലഹരിയില്‍ പാലത്തിനോടു ചേര്‍ന്നുള്ള ജല അതോറിറ്റി പൈപ്പുകള്ക്കിടയില് കിടന്ന് ഉറങ്ങിപ്പോയി. പുഴയിലേക്കു വീഴുന്ന നിലയില്‍ കിടന്ന് ഉറങ്ങിയ ഇയാളെ പൊലീസ് എത്തി രക്ഷിച്ചു.
മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ഇന്നലെ മൂന്നോടെയായിരുന്നു സംഭവം. പള്ളുരുത്തി സ്വദേശി കല്ലുചിറ അസീബ് (38) ആണ് പാലത്തിന്റെ കൈവരിക്ക് അപ്പുറം പുഴയിലേക്കു വീഴാവുന്ന നിലയില്‍ പൈപ്പുകള്ക്കിടയില് ഉറങ്ങിയത്.
പാലത്തില്‍ നിന്നു പുഴയില്‍ ചാടി ജീവനൊടുക്കാന്‍ എത്തിയതായിരുന്നു അസീബ് എന്ന് പൊലീസ് പറഞ്ഞു. ചാടാനായി പഴയ പാലത്തിന്റെ കൈവരികള്‍ കടന്ന് ജല അതോറിറ്റി പൈപ്പുകളില്‍ നില്‍ക്കുമ്പോഴാണ് ഉറക്കം പിടികൂടിയത്. പാലത്തിലൂടെ നടന്നു പോയ ചിലരാണ് ഇയാളെ കണ്ട് പൊലീസിനു വിവരം കൈമാറിയത്.
തുടര്‍ന്ന് എസ്ഐ കെ.കെ. രാജേഷിന്റെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം അസീബിനെ ഇവിടെ നിന്നു പുറത്തെത്തിച്ച് സ്റ്റേഷനിലേക്ക് മാറ്റി. ഉറക്കത്തിനിടയില്‍ യുവാവ് മറുവശത്തേക്ക് തിരിയാതിരുന്ന കാരണമാണ് അപകടം ഒഴിവായത്.