ഇസ്ലാമാബാദ്: ഒളിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യ പാകിസ്താന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയതിനു പിന്നാലെ പാക് ഭീകരനോട് സംസാരിക്കുന്ന ജാവലിന്‍ താരം അര്‍ഷാദ് നദീമിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്ത്യയും അമേരിക്കയുമടക്കം തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുള്ള ഭീകരന്‍ മുഹമ്മദ് ഹാരിസ് ധറിനൊപ്പമുള്ള നദീമിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇത് സൈബറിടത്ത് വലിയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്.
ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ നല്‍കുന്ന വിവരമനുസരിച്ച് നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുടെ (എല്‍ഇടി) രാഷ്ട്രീയ മുന്നണിയായ മിലി മുസ്ലീം ലീഗിന്റെ (എംഎംഎല്‍) ജോയിന്റ് സെക്രട്ടറിയാണ് ഹാരിസ് ധര്‍.
പാരീസ് ഒളിമ്പിക്സിനു ശേഷം നദീം പാകിസ്താനില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം അവകാശപ്പെടുന്നു. എന്നാല്‍, കൂടിക്കാഴ്ചയുടെ സമയം കൃത്യമായി സ്ഥിരീകരിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്കായിട്ടില്ല.
166 പേരുടെ മരണത്തിനിടയാക്കിയ 2008-ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഹാഫിസ് സയീദ് കൊണ്ടുവന്ന സംഘടനയാണ് മിലി മുസ്ലീം ലീഗ്. 2018-ല്‍ ഹാരിസ് ധര്‍ ഉള്‍പ്പടെ ഏഴ് എംഎംഎല്‍ നേതാക്കളെ യുഎസ് ഭീകരരായി പ്രഖ്യാപിച്ചിരുന്നു. ലഷ്‌കര്‍ ഇ ത്വയ്ബയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചു എന്ന കാരണത്താലായിരുന്നു ഇത്.
2017-ലാണ് സയീദ് എംഎംഎല്‍ രൂപീകരിച്ചത്. 2018-ലെ തിരഞ്ഞെടുപ്പില്‍ എംഎംഎല്‍ മത്സരിക്കുമെന്നും സയീദ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതോടെ അവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല.
നേരത്തേ പാരീസില്‍ ജാവലിന്‍ ത്രോ ഫൈനലില്‍ 92.97 മീറ്ററെന്ന റെക്കോര്‍ഡ് ദൂരമെറിഞ്ഞാണ് അര്‍ഷാദ് നദീം സ്വര്‍ണം നേടിയത്. ഒളിമ്പിക് റെക്കോഡും താരം സ്വന്തം പേരിലാക്കി.