ന്യൂഡല്‍ഹി: മുസ്ലിം പോലീസുകാരന് മതാചാരത്തിന്റെ ഭാഗമായി താടി വെക്കാമോ എന്നവിഷയം പരിശോധിക്കാന്‍ സുപ്രീംകോടതി. മഹാരാഷ്ട്ര റിസര്‍വ് പോലീസ് സേനയിലെ മുസ്ലിം സമുദായക്കാരനായ കോണ്‍സ്റ്റബിളിനെ താടിവെച്ചതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയമാണ് സുപ്രീംകോടതി പരിശോധിക്കുന്നത്.
താടി വെക്കുന്നത് 1951-ലെ ബോംബെ പോലീസ് മാനുവലിനെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെന്ഷന്. സുപ്രീംകോടതി അടുത്തിടെ നടത്തിയ ലോക് അദാലത്തില്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. താടി വടിക്കാന്‍ തയ്യാറായാല്‍ സസ്പെന്ഷന് പിന്‍വലിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച പറഞ്ഞെങ്കിലും പരാതിക്കാരന് തയ്യാറായില്ല. ഭരണഘടനാപരമായി പ്രധാനപ്പെട്ട വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി പരിശോധിക്കാന്‍ സുപ്രീംകോടതി തയ്യാറായത്.
താടിവെക്കണമെന്നത് ഇസ്ലാമിലെ മൗലികതത്വത്തിന്റെ ഭാഗമാണെന്ന് തെളിയിക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ലെന്നുകാട്ടിയാണ് ബോംബെ ഹൈക്കോടതി ഹര്‍ജി തള്ളിയത്. സമാനമായ മറ്റൊരുകേസില്‍ മുസ്ലിം കോണ്‍സ്റ്റബിളിന് താടിവെക്കാന്‍ ഭരണഘടനാപരമായി അവകാശമില്ലെന്നാണ് അലഹബാദ് ഹൈക്കോടതി 2021-ല്‍ വിധിച്ചത്.